Sorry, you need to enable JavaScript to visit this website.

കറി മൂക്കിൽ കയറി ശ്വാസമെടുക്കാൻ പിടഞ്ഞ  സായിപ്പിനെ  രക്ഷിച്ചത് ഇന്ത്യക്കാരൻ വെയിറ്റർ

ലണ്ടൻ- ഭക്ഷണം കഴിക്കുന്നതിനിടെ കറി മൂക്കിൽ കയറിയതിനെ തുടർന്ന് ശ്വാസ തടസം നേരിട്ടയാളെ രക്ഷിച്ച് ഇന്ത്യൻ യുവാവ്. ബ്രിട്ടനിലെ നോർത്ത് വെയിൽസിലെ ഒരു ഇന്ത്യൻ റസ്‌റ്റോറന്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഹോട്ടൽ ജീവനക്കാരനായ ഷെയ്ഖ് റിഫാത്തിന്റെ ഇടപെടൽ മൂലമാണ് യുവാവ് രക്ഷപ്പെട്ടത്
റസ്‌റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഭക്ഷണം കഴിക്കുന്നതിനിടെ 19 കാരനായ ജെയ്ക്ക് സ്‌നെല്ലിംഗ് എന്ന യുവാവിന്റെ മൂക്കിൽ കറി കയറിയതോടെ ശ്വാസമെടുക്കാൻ കഴിയാതെ വന്നു. വെള്ളം കുടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവശനിലയിലായ ജെയ്ക്കിന് ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ ഷെയ്ഖ് റിഫാത്ത് ഉടനടി ഇടപെടുകയായിരുന്നു.
സംസാരിക്കാനോ ശ്വസിക്കാനോ ചുമയ്ക്കാനോ സാധിക്കാത്ത ജയ്ക്കിന്റെ സാഹചര്യം മനസിലാക്കി അദ്ദേഹത്തെ 'അബ്‌ഡോമിനൽ ത്രസ്റ്റി'ന് വിധേയമാക്കി. മിനിറ്റുകൾ നീണ്ട ശ്രമത്തിനൊടുവിൽ യുവാവ് ശ്വാസമെടുക്കുകയും കസേരയിൽ ഇരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ സംഭവം അപകടമില്ലാതെ അവസാനിച്ചതോടെ റസ്‌റ്റോറന്റിൽ ഉണ്ടായിരുന്നവർ കയ്യടിച്ച് ഷെയ്ഖ് റിഫാത്തിനെ അഭിനന്ദിച്ചു.
റസ്‌റ്റോറന്റിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ റിഫാത്തിനെ പ്രശംസിച്ച് പോലീസ് രംഗത്തുവന്നു. 24 കാരന് പ്രത്യേക അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി. ഒരു ദിവസം അദ്ദേഹം ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നോർത്ത് വെയിൽസ് പോലീസ് പറഞ്ഞു.
തൊണ്ടയിൽ ആഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങിയാൽ ചെയ്യുന്ന അടിയന്തര മെഡിക്കൽ ഇടപെടലാണ് അബ്‌ഡോമിനൽ ത്രസ്റ്റ്. രോഗിയെ കുറച്ച് കുനിച്ച് നിർത്തി പിന്നിലൂടെ തന്റെ ഇരുകൈകളും രോഗിയുടെ വയറിന്റെ മുകൾഭാഗത്തായി ചേർത്തുവച്ച് ശക്തിയായി, തുടർച്ചയായി മുകളിലേക്ക് അമർത്തുന്ന രീതിയാണ്. ഈ പ്രവർത്തിക്കിടെ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തുവരും.

Latest News