ചെന്നൈ- തമിഴ്‌നാട്ടില്‍ അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് ഏഴുവയസുകാരനെ 'ക്രൂരമായി കൊലപ്പെടുത്തി'. കുട്ടിയ്ക്ക് പ്രേത ബാധ കയറിയെന്ന് കരുതി അമ്മയും സംഘവും ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കെ തിലകാവതിയും സഹോദരിമാരും അറസ്റ്റിലായിട്ടുണ്ട്. മുപ്പതുകാരിയായ തിലകാവതിയും സഹോദരിമാരായ കെ ബാഗ്യലക്ഷ്മി, കെ കവിത എന്നിവരുമാണ് കൃത്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് തിലകാവതി ഏഴുവയസുള്ള ശബരിയുമൊത്ത് കന്നമംഗലത്ത് എത്തിയത്. കുട്ടിയെ ഒരു പുരോഹിതനെ കാണിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗ്രാമപഞ്ചായത്ത് സമുച്ചയത്തിന് മുന്നിലാണ് രാത്രി ഇവര്‍ കഴിഞ്ഞത്. പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടിയ്ക്ക് അപസ്മാരം ബാധ ഉണ്ടാവുകയായിരുന്നു. എന്നാല്‍ ശബരിയ്ക്ക് പ്രേതബാധയുണ്ടായെന്ന് കരുതിയ സ്ത്രീകള്‍ ബലം പ്രയോഗിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയെ നിയന്ത്രിക്കാനാണ് സ്ത്രീകള്‍ ബലപ്രയോഗം നടത്തിയത്. കുട്ടിയുടെ അമ്മ നാവ് പിടിച്ച് വലിച്ചപ്പോള്‍ ചെറിയമ്മമാര്‍ കഴുത്തിലും വയറിലും ബലംപ്രയോഗിച്ച് കുത്തിപ്പിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ അമ്മയും സഹോദരിമാരും പരസ്പരം ആരോപണം ഉന്നയിക്കാനും തുടങ്ങി. മൂന്ന് സ്ത്രീകളുടെയും മാനസിക നിലയ്ക്ക് തകരാറുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞ്. ഇവരുടെ കുടുംബത്തില്‍ അടുത്തിടെ ദുരൂഹ മരണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുട്ടിയുടെ അച്ഛന്‍ മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.