രാമനാഥപുരം- സ്‌പെഷല്‍ ക്ലാസിനെന്ന പേരില്‍ വിദ്യാര്‍ത്ഥിനികളെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപകനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ മുദുകുളത്തൂരിലെ ഒരു എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതിനെ തുടര്‍ന്ന് പിടിയിലായത്. കോച്ചിങിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിനികളെ ഫോണില്‍ വിളിച്ച് അശ്ലീലമായി സംസാരിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമാണ് ഇയാളുടെ രീതി. വിസമ്മതിച്ചാല്‍ മാര്‍ക്കു കുറക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു വിദ്യാര്‍ത്ഥിനിടെ തന്റെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിപ്പിക്കുന്ന അധ്യാപകന്റെ ഓഡിയോ ക്ലിപ്പും പുറത്തു വന്നിട്ടുണ്ട്. പല വിദ്യാര്‍ത്ഥിനികളും താന്‍ ക്ഷണിച്ചപ്പോള്‍ വന്നിട്ടുണ്ടെന്നും ഈ സംഭാഷണത്തില്‍ അധ്യാപകന്‍ പറയുന്നുണ്ട്. ഈ ക്ലിപ് വൈറലായതോടെ നിരവധി രക്ഷിതാക്കള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. അറസ്റ്റിലായ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.