മുംബൈ- കോവിഡ് 19 നേക്കാള്‍ മാരകമായ നിപ വൈറസ് ഇന്ത്യയില്‍ രണ്ടിനം വവ്വാലുകളില്‍ കണ്ടെത്തി.
അടിയന്തര ശ്രദ്ധ ആവശ്യമായ പകര്‍ച്ചവ്യാധി ഭീഷണിയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയ നിപ വൈറസ് (എന്‍.ഐ.വി) മഹാരാഷ്ട്രയിലെ രണ്ടിനം വവ്വാലുകളില്‍ സ്ഥിരീകരിച്ചത്. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടാണ് പഠനം നടത്തിയത്.
2020 മാര്‍ച്ചില്‍ മഹാബലേശ്വര്‍ മലനിരകളിലെ ഗുഹയിലാണ് വൈറസ് വാഹകരായ വവ്വാലുകളെ കണ്ടെത്തിയത്. മെഡിസിനും വാക്‌സിനും കണ്ടെത്താത്തതിനാല്‍ നിപ ബാധിച്ചാല്‍ മരണനിരക്ക് കൂടുതലാണ്.
മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് ഒന്നുമുതല്‍ രണ്ട് വരെ ശതമാനമാണെങ്കില്‍ നിപ ബാധയെ തുടര്‍ന്നുള്ള മരണം 65 മുതല്‍ 100 ശതമാനം വരെയാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയില്‍ പലതവണ നിപ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2001 ല്‍ പശ്ചിമബംഗളിലെ സിലിഗുരിയിലായിരുന്നു ആദ്യ നിപ രോഗബാധ. തുടര്‍ന്ന് ബംഗാളില്‍തന്നെ നദിയയിലും രോഗം കണ്ടെത്തിയിരുന്നു.
2018 ലും 2019 ലും കേരളവും രോഗബാധക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ചില ഭാഗങ്ങളും നിപ പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്.