പാലക്കാട്- പഴുത്ത ചക്കയുടെ മണം പിടിച്ചെത്തിയ കാട്ടാന വീടിന്റെ വാതില്‍ തകര്‍ത്തു. നെല്ലിയാമ്പതി കൂനംപാലം ഏലംസ്റ്റോര്‍ പാടിയില്‍ പത്രോസിന്റെ വീട്ടിലാണ് ചൊവ്വാഴ് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ കാട്ടാന എത്തിയത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന പഴുത്ത ചക്കയുടെ മണം പിടിച്ചായിരുന്നു വരവ്. വാതില്‍ തകര്‍ത്ത് തുമ്പിക്കൈ അകത്തേക്ക് നീട്ടി മുന്‍വശത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമെല്ലാം ആന തിന്നു. സംഭവം നടക്കുമ്പോള്‍ പത്രോസിന്റെ ഭാര്യ ജോസ്മിയും രണ്ടു കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിനകത്തുണ്ടായിരുന്ന ചക്ക ആനക്ക് നല്‍കിയെങ്കിലും അത് പിന്മാറിയില്ല. വനപാലകരെത്തി പടക്കം പൊട്ടിച്ച് സന്ധ്യയോടെയാണ് ആനയെ അവിടെ നിന്ന് മാറ്റാനായത്. രാത്രിയില്‍ ആന വീണ്ടും എത്തുമെന്ന ആശങ്കയില്‍ പത്രോസിനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചു. നെല്ലിയാമ്പതിയിലെ ജനവാസമേഖലയില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന കൊമ്പനാനയാണ് കഥയിലെ താരം. പത്രോസിന്റെ വീടിനു മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട്.