Sorry, you need to enable JavaScript to visit this website.

പുതിയ പത്തു രൂപ നോട്ടും എത്തി

മുംബൈ- ചോക്ലേറ്റ് തവിട്ടു നിറത്തിൽ പുതിയ 10 രൂപാ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. നിലവിലുള്ള പത്തു രൂപയെ അപേക്ഷിച്ച് വലിപ്പത്തിൽ നേരിയ വ്യത്യാസങ്ങളുണ്ട്. വീതി അൽപ്പം കുറഞ്ഞിട്ടുണ്ട്. നോട്ടു നിരോധനത്തിനു ശേഷം പുറത്തിങ്ങിയ 2000, 500, 200 രൂപാ നോട്ടുകളുടെ അടിസ്ഥാന മാതൃകയിലാണ് ഈ നോട്ടിന്റേയും രൂപകൽപ്പന. നിറത്തിലും വലിപ്പത്തിലുമുള്ള മാറ്റങ്ങൾക്കു പുറമെ നോട്ടിന്റെ പിറകു വശത്തെ ചിത്രവും മാറി. കൊണാർക്കിലെ സൂര്യക്ഷേത്രമാണ് പത്തു രൂപാ നോട്ടിലിടം നേടിയ ചിത്രം. നേരത്തെ ഇന്ത്യയിലെ പ്രധാന മൃഗങ്ങളായിരുന്നു.

ഗവർണർ ഊർജിത് പട്ടേലിന്റെ കയ്യൊപ്പോടു കൂടിയ പുതിയ 10 രൂപാ നോട്ടുകൾ ഉടൻ വിപണിയിൽ വിതരണം ചെയ്യുമെന്ന് ആർ ബി ഐ അറിയിച്ചു. പഴയ 10 രൂപാ നോട്ടുകൾ അസാധുവാക്കിയിട്ടുമില്ല. നോട്ടു നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2000, 500, 200 രൂപാ നോട്ടുകളിൽ ഇടം പിടിച്ച കേന്ദ്ര സർക്കാരിന്റെ സ്വച്ഛ  ഭാരത പദ്ധതിയുടെ ലോഗോ പുതിയ നോട്ടിലുമുണ്ട്. 

അതിനിടെ ഈയിടെ പുറത്തിറക്കിയ 200 രൂപാ നോട്ടുകൾ എടിഎമ്മുകൾ വഴി ലഭ്യമാക്കാൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ എടിഎം റികാലിബറേഷൻ ത്വരിതപ്പെടുത്തണമെന്നാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News