മുംബൈ- എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് ഇടതുപാർട്ടികളും. സി.പി.എമ്മിൽ നിന്ന് നിലോത്പൽ വസു, സി.പി.ഐയുടെ ബിനോയ് വിശ്വം എന്നിവരാണ് പങ്കെടുക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ദേശീയ തലത്തിൽ മോഡി വിരുദ്ധ സഖ്യത്തിനായി ശരദ് പവാർ വിളിച്ച യോഗം നടക്കുന്നത്. 15 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും പവാറിന്റെ ദൽഹിയിലെ വസതിയിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. നീക്കത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തിയിട്ടുണ്ട്. യശ്വന്ത് സിൻഹ, പവൻ വർമ, സഞ്ജയ് സിങ്, ഫറൂഖ് അബ്ദുള്ള, ജസ്റ്റിസ് എ.പി. സിങ്, ജാവേദ് അക്തർ, കെ.ടി.എസ്. തുൾസി, കരൺ ഥാപ്പർ, അശുതോഷ്, മജീദ് മെമൻ, വന്ദന ചവാൻ, മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി, കെ.സി. സിങ്, സുധീന്ദ്ര കുൽക്കർണി, പ്രതീഷ് നന്ദി , കോളിൻ ഗോൺസാൽവസ് തുടങ്ങിയവർ പങ്കെടുക്കും.