ഇസ്‌ലാമാബാദ്- പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങള്‍ ഒരു പ്രതിരോധ കവചം മാത്രമാണെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിച്ചാല്‍ പിന്നെ അതിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. അമേരിക്കയ്ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലെ കണക്കു പ്രകാരം പാക്കിസ്ഥാന്റെ പക്കല്‍ 165 ആണവായുധങ്ങളുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇത് 160 ആയിരുന്നെന്നും സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. ഈ കണക്കുകള്‍ എവിടെ നിന്ന് വന്നതാണെന്നും ആണവായുധങ്ങള്‍ വര്‍ധിക്കുകയാണോ എന്നും തനിക്കറിയില്ല എന്നായിരുന്നു ഇംറാന്റെ പ്രതികരണം. പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ സ്വയം പ്രതിരോധിക്കാനുള്ളതാണ്-അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസ് എച്ബിഒയുമായി നടത്തിയ അഭിമുഖത്തിലാണ് ഇംറാന്‍ ഇങ്ങനെ പറഞ്ഞതെന്ന് ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്ന ആണവായുധ ശേഖരമാണ് പാക്കിസ്ഥാന്റേതെന്ന് ഇന്റലിജന്‍സ് അനലിസ്റ്റുകളുടെ റിപോര്‍ട്ടുണ്ടായിരുന്നു. താന്‍ ആണവായുധങ്ങള്‍ക്കെതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി മൂന്ന് തവണ യുദ്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആണവായുധം ഞങ്ങളുടെ കൈവശം എത്തിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായിട്ടില്ല- ഇംറാന്‍ പറഞ്ഞു.