Sorry, you need to enable JavaScript to visit this website.

മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ ബി.ജെ.പിയെ വെല്ലുവിളിക്കാനാകില്ല-പ്രശാന്ത് കിഷോർ

ന്യൂദൽഹി- ബി.ജെ.പിക്ക് എതിരെ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ എന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാൻ കഴിയില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ സഖ്യവുമായി ഒരു ബന്ധവുമില്ലെന്നും പ്രശാന്ത് കിഷോർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മൂന്നാം മുന്നണിയെ അണിനിരത്തുമെന്നും ഇതിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷസഖ്യത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. 
പരസ്പരം മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ചയെന്നും രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്‌തെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ ഏത് രീതിയിലായിരിക്കും പോരാടാനാവുകയെന്ന് ചർച്ച ചെയ്‌തെങ്കിലും മൂന്നാം മുന്നണി ഈ ചർച്ചയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News