റിയാദ് - ചൈനക്ക് ഏറ്റവുമധികം എണ്ണ നൽകുന്ന രാജ്യമെന്ന പദവി കഴിഞ്ഞ മാസവും സൗദി അറേബ്യ നിലനിർത്തി. തുടർച്ചയായി ഒമ്പതാം മാസമാണ് സൗദി അറേബ്യ ഈ പദവി നിലനിർത്തുന്നത്. 2020 മെയ് മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ചൈനയിലേക്കുള്ള സൗദി ക്രൂഡ് ഓയിൽ കയറ്റുമതി 21 ശതമാനം തോതിൽ കുറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 72 ലക്ഷം ടൺ അസംസ്‌കൃത എണ്ണയാണ് ചൈന സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. പ്രതിദിനം 16.9 ലക്ഷം ബാരൽ എണ്ണ തോതിൽ സൗദിയിൽ നിന്ന് ചൈന കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 64.7 ലക്ഷം ടൺ ക്രൂഡ് ഓയിലും 2020 മെയ് മാസത്തിൽ 91.6 ലക്ഷം ടൺ അസംസ്‌കൃത എണ്ണയുമാണ് സൗദി അറേബ്യ ചൈനയിലേക്ക് കയറ്റി അയച്ചത്.
ചൈനക്ക് ഏറ്റവുമധികം എണ്ണ നൽകുന്ന രണ്ടാമത്തെ രാജ്യമായ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 54.4 ലക്ഷം ടൺ ആയി കുറഞ്ഞു. കഴിഞ്ഞ മാസം പ്രതിദിനം 12.8 ലക്ഷം ബാരൽ എണ്ണ തോതിലാണ് റഷ്യയിൽ നിന്ന് ചൈന ഇറക്കുമതി ചെയ്തത്. ലോക രാജ്യങ്ങളിൽ നിന്നുള്ള ചൈനയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ മാസം 15 ശതമാനം തോതിൽ കുറഞ്ഞിരുന്നു. ഈ വർഷം ചൈനയുടെ എണ്ണ ഇറക്കുമതി ഇത്രയും കുറയുന്നത് ആദ്യമാണ്. 2020 മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം യു.എ.ഇയിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി 25 ശതമാനം തോതിൽ കുറഞ്ഞു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും കഴിഞ്ഞ മാസം ചൈന ഗണ്യമായി കുറച്ചിട്ടുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നത് ഇറാനും ആഗോള ശാക്തിക രാജ്യങ്ങളും നടത്തുന്ന ചർച്ചകൾക്കിടെ ഈ വർഷം ആദ്യത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന വലിയ തോതിൽ ഉയർത്തിയിരുന്നു. ഇറാൻ ആണവ കരാറിൽ നിന്ന് 2018 ൽ അമേരിക്ക പിൻവാങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം അവസാനത്തിൽ മറ്റു സ്ഥാപനങ്ങളുടെ മറവിൽ ഇറാൻ ചൈനക്ക് റെക്കോർഡ് നിലയിൽ എണ്ണ വിൽപന നടത്തിയതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കണക്കുകൾ തുടർച്ചയായി അഞ്ചാം മാസവും ചൈന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം അമേരിക്കയിൽ നിന്ന് ചൈന 10.7 ലക്ഷം ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. 2020 മെയ് മാസം അമേരിക്കയിൽ നിന്ന് നടത്തിയ എണ്ണ ഇറക്കുമതിയുടെ ഇരട്ടിയാണിതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.