ഇസ്‌ലാമാബാദ്- പാക്കിസ്ഥാനില്‍ വര്‍ധിച്ച് വരുന്ന ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നടത്തിയ പ്രസ്താവന വിവാദമായി. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലൈംഗികാതിക്രമങ്ങള്‍ക്കു കാരണം പ്രലോഭനവും സ്ത്രീകള്‍ അല്‍പ്പ വസ്ത്രങ്ങള്‍ ധരിക്കുന്നതുമാണെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞത്. അശ്ലീലതയാണ് പീഡനങ്ങളും ബലാത്സംഗങ്ങളും വര്‍ധിക്കാന്‍ കാരണമെന്ന് ഏപ്രിലില്‍ ഇംറാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി ആയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന. പര്‍ദ എന്ന സങ്കല്‍പ്പം സമൂഹത്തില്‍ പ്രലോഭനം ഒഴിവാക്കുന്നതിനാണ്. ഇവിടെ ഡിസ്‌കോകളില്ല, നിശാക്ലബുകളുമില്ല. ഇവിടെ തീര്‍ത്തും വ്യത്യസ്തമായ സാമൂഹിക ജീവിത രീതിയാണ്. സമൂഹത്തില്‍ പ്രലോഭനം ഉയര്‍ത്തിയാല്‍ അതിന്റെ പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാകും- അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രം ധരിച്ചാല്‍ അതിന് പുരുഷന്‍മാരില്‍ സ്വാധീനം ഉണ്ടാകും. റോബട്ടുകളാണെങ്കില്‍ ഉണ്ടാകില്ല. ഇത് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്നതാണ്- ഇംറാന്‍ പറഞ്ഞു. ഇത്തരം കാഴ്ചകള്‍ കാണാത്ത സമുഹത്തില്‍ ഇത് തീര്‍ച്ചയായും സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇംറാന്റെ ഈ വാക്കുകള്‍ക്കെതിരെയാണ് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത്. പ്രധാനമന്ത്രിയുടേയും സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും രോഗാതുര മനസ്സാണെന്നും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു. കുറ്റം ഇരയാക്കപ്പെടുന്ന സ്ത്രീകളുടേതല്ലെന്നും ക്രിമിനല്‍ മനസ്സുള്ള പുരുഷന്മാരുടേതാണെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ശരാശരി ഒരു ദിവസം 11 ബലാംത്സംഗങ്ങള്‍ നടക്കുന്നതായാണ് ഔദ്യോഗിക കണക്ക്.