കാഠ്മണ്ഡു- നേപ്പാളിലാണ് യോഗ ഉത്ഭവിച്ചതെന്ന് നേപാളിലെ കാവല്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ലോകത്ത് യോഗ തുടങ്ങുമ്പോള്‍ ഇന്ത്യ തന്നെ ഇല്ലായിരുന്നുവെന്നും അന്താരാഷ്ട്ര യോഗാ ദിനത്തില്‍ അദ്ദേഹം പറഞ്ഞു. 'യോഗയുടെ തുടക്കം നേപാളിലാണ്, ഇന്ത്യയിലല്ല. യോഗ ഉത്ഭവിക്കുമ്പോള്‍ ഇന്ത്യ നിലവിലുണ്ടായിരുന്നില്ല, കുറെ ഭാഗങ്ങളായി വിഭജിക്കപ്പെട്ട് കിടക്കുകയായിരുന്നു,' ഒലി പറഞ്ഞു. ഇന്ത്യയിലെ വിദഗ്ധര്‍ ഇതു സംബന്ധിച്ച വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് കാണുന്ന ഇന്ത്യ പണ്ട് ഉണ്ടായിരുന്നില്ല. അന്ന് ഇന്ത്യ ഒരു ഭൂഖണ്ഡം പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ വ്യാജ അയോധ്യ സൃഷ്ടിച്ച് സാംസ്‌കാരിക കയ്യേറ്റം നടത്തിയതായും ഒലി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരോപണം ഉന്നയിച്ചിരുന്നു. രാമന്‍ ജന്മഭൂമിയായ അയോധ്യ നേപാളിലെ ബിര്‍ഗുഞ്ചി ഒരു ഗ്രാമമാണെന്നായിരുന്നു ഒലിയുടെ അവകാശവാദം. അയോധ്യ ഇന്ത്യയിലാണെന്ന് തുടര്‍ച്ചയായി വാദിച്ചാണ് പലരും അങ്ങനെ വിശ്വസിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.