കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം വഴിയിൽ വെച്ച് തട്ടിയെടുത്ത സംഭവങ്ങളിലെ പ്രതികളെ പിടികൂടാത്ത കേസുകളിൽ കൊണ്ടോട്ടി പോലിസ് വീണ്ടും അന്വേഷണം. രാമനാട്ടുകര വാഹനാപകടത്തിൽ പെട്ടവർ,നിലവിൽ പോലിസ് കസ്റ്റഡിയിലുള്ളവർ എന്നിവർക്ക് സ്വർണക്കടത്ത്,സ്വർണക്കടത്തിലെ കരിയർമാരെ തട്ടിക്കൊണ്ടു പോകുന്ന ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പഴയ കേസുകൾ കൊണ്ടോട്ടി പോലിസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് കൊടുവള്ളി സംഘത്തിന് വേണ്ടി വിദേശത്ത് നിന്ന സ്വർണം കൊണ്ടുവന്ന യുവാവിനെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ കൊട്ടപ്പുറത്ത് വെച്ച് വാഹനം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് കൊടുവള്ളി സ്വദേശികളെ കത്തി മുനയിൽ നിർത്തിയാണ് യുവാവിനെ സംഘം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. ശരീരത്തിനകത്ത് യുവാവ് ഒളിപ്പ് കടത്തിയ സ്വർണം പിടിച്ചെടുക്കാനായിരുന്നു ഇത്. ചേളാരി ഐ.ഒ.സി.ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ച് സ്വർണം എടുത്ത ശേഷം യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഈ കേസിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.പ്രതികൾ സഞ്ചരിച്ച വാഹനം വളാഞ്ചേരി ഭാഗത്തെത്തിയതായി പൊലിസ് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം,ദേശീയ പാത നെടിയിരുപ്പ് പൊയിലിക്കാവ് അമ്പലത്തിനടത്തു കാർ തടഞ്ഞുനിർത്തി സ്വർണം കവർന്ന കേസിലും പ്രതികളെ കണ്ടെത്തിയിട്ടില്ല. കരിപ്പൂർ പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ഇപ്പോൾ പിടിയിലായവർക്ക് ബന്ധമുണ്ടോയെന്നാണ് പോലിസ് അന്വേഷിക്കുന്നത്.