കര്‍ണാല്‍- ഹരിയാനയില്‍ ആറ് ലക്ഷം രൂപ വിലയുള്ള ലബ്രഡോര്‍ നായയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഛോട്ടാരാജയെന്ന് പേരിട്ട നായയെ മുന്‍ ഉടമയാണ് കൊലപ്പെടുത്തിയതെന്ന് ഉടമ സാഗര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കര്‍ണാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുന്‍ ഉടമ ഒളിവിലാണെന്ന് പോലീസ് പറയുന്നു. കര്‍ണാല്‍ എസ്.പി ഗംഗാറാം പൂനിയയെ കണ്ടാണ് സാഗര്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
ഷേര്‍ഗഢ് ഖല്‍സയില്‍ നിന്നാണ് മൂന്ന് ലക്ഷം രൂപ നല്‍കി സാഗര്‍ നായയെ വാങ്ങിയത്. വളര്‍ന്ന് കരുത്തനായ നായയെ ആറ് ലക്ഷം രൂപയ്ക്ക് തിരികെ നല്‍കണമെന്ന് പഴയ ഉടമ ആവശ്യപ്പെട്ടെങ്കിലും സാഗര്‍ വിസമ്മതിച്ചു.
ഏതാനും ദിവസം മുമ്പ് നായയെ തട്ടിക്കൊണ്ടുപോയി. ഭക്ഷണത്തില്‍ മായം കലര്‍ത്തി ബോധം കെടുത്തി നായയെ കൊണ്ടുപോയെന്നാണ് സംശയിക്കുന്നതെന്ന് സാഗര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ക്രൂരമര്‍ദനമേറ്റ് ചത്ത നിലയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. പ്രിയങ്കരനായ ഛോട്ടാ രാജയെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സാഗറും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തുന്നുമുണ്ട്.