റിയാദ് - മൂല്യവര്‍ധിത നികുതി നിയമം പാലിക്കാത്ത 250 ലേറെ സ്ഥാപനങ്ങളെ നാലു ദിവസത്തിനിടെ കണ്ടെത്തി നടപടികള്‍ സ്വീകരിച്ചതായി സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു. മൂല്യവര്‍ധിത നികുതി ബാധകമായിട്ടും നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്, നിയമ വിരുദ്ധമായി വാറ്റ് ബില്‍ ഇഷ്യു ചെയ്യല്‍, അഞ്ചു ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കല്‍, വാറ്റില്‍ നിന്ന് ഒഴിവാക്കിയ ഉല്പന്നങ്ങള്ക്കും നികുതി ഈടാക്കല്‍ പോലുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. വാറ്റ് നിലവില്‍ വന്ന ജനുവരി ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ഉപയോക്താക്കളില്‍നിന്ന് 14,000 ലേറെ പരാതികള്‍ സക്കാത്ത്, നികുതി അതോറിറ്റിക്ക് ലഭിച്ചു. ഇതില്‍ 90 ശതമാനത്തിലേറെ പരാതികള്‍ക്കും പരിഹാരം കണ്ടു. സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ 29 ഫീല്‍ഡ് സംഘങ്ങള്‍ നാലു ദിവസത്തിനിടെ 1,322 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി.
തങ്ങള്‍ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷന്‍ സക്കാത്ത്, നികുതി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. വാറ്റ് ഉള്‍പ്പെടുത്തിയ ബില്ല് ലഭിച്ചിട്ടുണ്ടെന്നും ബില്ലില്‍ ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിശ്ചിത അനുപാതം നികുതി തന്നെയാണ് ഈടാക്കുന്നത് എന്നും ഉപയോക്താക്കള്‍ ഉറപ്പുവരുത്തണം. വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഉള്‍പ്പെടുത്തി ബില്‍ ഇഷ്യു ചെയ്യുന്നതിന് കഴിയില്ല. വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനം വാറ്റ് ഉള്‍പ്പെടുത്തിയ ബില്‍ ഇഷ്യു ചെയ്യാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കില്ലെന്നും സക്കാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി.