കോട്ട- സൗദി അറേബ്യയില്‍ തൊഴിലുടമ രണ്ട് ഇന്ത്യക്കാരെ തടങ്കലിലാക്കിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കി. രാജസ്ഥാനില്‍നിന്നുളള തൊഴിലാളികള്‍ക്കുവേണ്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്.
ഏപ്രില്‍ അവസാനത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും യാമ്പുവിലെ തൊഴിലുടമ അതിനു അനുവദിക്കാതെ തടങ്കലിലാക്കിയെന്നും പരാതിയില്‍ പറയുന്നു.
ബുണ്ടി ജില്ലയിലെ ഗഫാര്‍ മുഹമ്മദ് (49), ഭരത്പൂര്‍ ജില്ലയിലെ വിശ്രം ജാദവ് (46) എന്നിവര്‍ മൂന്ന് വര്‍ഷം മുമ്പാണ് സൗദിയിലേക്ക് പോയതെന്നും ഇവരുടെ കരാര്‍ 2020 നവംബറില്‍ അവസാനിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കരാര്‍ കാലാവധി തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പി.എം.ഒ വെബ്‌സൈറ്റിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി. ഏപ്രില്‍ അവസാനത്തോടെ ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് കേസ് അവസാനിപ്പിച്ചു.
നാല് ദിവസം മുമ്പ് തൊഴിലാളികളുമായി ഫോണില്‍ സംസാരിച്ചുവെന്നും പരിതാപകരമായ സാഹചര്യത്തിലാണ് അവര്‍ തടങ്കലില്‍ കഴിയുന്നതെന്നും കോണ്‍ഗ്രസ് ബുണ്ടി ജില്ലാ വൈസ് പ്രസിഡന്റ് ചര്‍മേഷ് ശര്‍മ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.