മുംബൈ- ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിം വയോധികനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്ത മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന് മുന്‍കൂര്‍ ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നാലാഴ്ചത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.
യു.പിയിലെ ലോണി ബോഡര്‍ പോലീസ് ഈ മാസം 15-നാണ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നത്.
റാണ അയ്യൂബ് മാധ്യമ പ്രവര്‍ത്തകയാണെന്നും അവര്‍ക്ക് കിട്ടിയ വീഡിയോ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മിഹിര്‍ ദേശായി ജസ്റ്റിസ് പി.ഡി. നായിക് മുമ്പാകെ ബോധിപ്പിച്ചു. ഉള്ളടക്കം കൃത്യമല്ലെന്ന് ബോധ്യപ്പെട്ടതോടെ ജൂണ്‍ 16-ന് വീഡിയോ ഡിലീറ്റ് ചെയ്തതായും വ്യക്തമാക്കി.
മൂന്ന് വര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കാന്‍ സമയം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റു ചില കാര്യങ്ങളില്‍ മര്‍ദനമേറ്റയാളും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്ന കാര്യം ജസ്റ്റിസ് നായിക് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കുന്നതിനാണ് താല്‍ക്കാലിക ജാമ്യം അനുവദിക്കുന്നതെന്നും വ്യക്തമാക്കി.