കോഴിക്കോട്- രാമനാട്ടുകരയിലെ പുളിഞ്ചോടിലുണ്ടായ അപകടത്തിൽ മരിച്ചവർ സ്വർണ്ണക്കടത്തിലെ ഇടനിലക്കാരെന്ന് പോലീസ്. ഈ സമയത്ത് ഇവരുമായി ബന്ധപ്പെട്ട പതിനഞ്ചോളം വാഹനങ്ങൾ ഇവിടെ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. കരിപ്പൂർ വിമാനതാവളത്തിലെത്തിയ യാത്രക്കാരിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം പതിനഞ്ചോളം വാഹനങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, അപകടത്തിൽ പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം കടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
വാട്‌സാപ്പ് വഴിയാണ് സ്വർണ്ണക്കടത്ത് സംഘം പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. വിമാനതാവളത്തിൽ സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ എത്തിയതാണ് എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ആരെ കൂട്ടാനെത്തി എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല. അപകടത്തിൽ മരിച്ച ചിലർക്ക് ക്രിമിനൽ പശ്ചാതലം ഉള്ളവരാണെന്നും പോലീസ് പറയുന്നു.