ബെംഗളുരു- 2005ല്‍ ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കാമ്പസിലുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ത്രിപുര സ്വദേശി മുഹമ്മദ് ഹബീബിനെ പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിട്ടു. 2017ലാണ് 36കാരനായ ഹബീബിനെ എന്‍ഐഎ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചത്. പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് 2005ലെ ഭീകരാക്രമണം നടത്തിയതെന്നും ലഷ്‌ക്കര്‍ ഭീകരനായ ഹബീബ് ഈ ആക്രണത്തില്‍ ആസൂത്രകനായിരുന്നുവെന്നുമാണ് കര്‍ണാടക പോലീസ് ആരോപിച്ചിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷമായിട്ടും ഹബീബിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജൂണ്‍ 14നാണ് ഹബീബിനെ എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയത്.
'ഈ ആരോപണങ്ങള്‍ കേട്ട് എന്റെ പിതാവ് മരിച്ചു. നാലു വര്‍ഷം ഒരു വിചാരണ പോലുമില്ലാതെയാണ് എന്നെ ജയിലിലിട്ടത്. എനിക്കെതിരെ ഒരു തെളിവും അവര്‍ക്ക് ഹാജരാക്കാന്‍ കഴിയാട്ടില്ല. ഇതിനു മുമ്പൊരിക്കലും ഞാന്‍ ബെംഗളുരുവിലേക്ക് വന്നിട്ടുപോലുമില്ല,' ഹബീബ് പറഞ്ഞു. 2013ല്‍ ബിജെപി ആസ്ഥാനത്തിനു സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ ഹബീബിനെ പോലെ 27 പേര്‍ വിചാരണയില്ലാതെ ബെംഗളുരു ജയിലില്‍ കഴിയുന്നുണ്ടെന്ന് ഹബീബിന്റെ അഭിഭാഷകന്‍ താഹില്‍ അമീര്‍ പറഞ്ഞു. ഹബീബിനു വേണ്ടി ഫീസ് വാങ്ങാതെയാണ് താഹിര്‍ കേസ് ഏറ്റെടുത്തിരുന്നത്.
വാഹന മെക്കാനിക്കായിരുന്നു ഹബീബ് അഗര്‍ത്തലയിലെ ജോഗേന്ദ്ര നഗര്‍ സ്വദേശിയാണ്. 2005ലെ വെടിവെപ്പ് കേസിലെ മുഖ്യപ്രതിയെ ഹബീബ് നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് കൊണ്ടു പോയിരുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്നുമായിരുന്നു പോലീസ് വാദിച്ചിരുന്നത്. തെളിവുകള്‍ ഹാജരാക്കത്തിനാല്‍ ഈ വാദം കോടതി തള്ളിക്കളഞ്ഞു.
2008ല്‍ ലഖ്‌നൗ പോലീസ് അറസ്റ്റ് ചെയ്ത സലാഹുദ്ദീന്‍ എന്നയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹബീബിനെ 2017ല്‍ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒമ്പത് വര്‍ഷത്തിനു ശേഷമായിരുന്നു ഇത്-അഭിഭാഷകന്‍ പറഞ്ഞു.