ലഖ്‌നൗ- അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് അംഗവും വിശ്വ ഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത് റായിയും സഹോദരങ്ങളും ചേര്‍ന്ന് ഒരു പ്രവാസിയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനും മറ്റു രണ്ടു പേര്‍ക്കുമെതിരെ യുപി പോലീസ് കേസെടുത്തു. ഐപിസിയിലെ 15 വകുപ്പുകളും ഐടി ആക്ടിലെ മൂന്ന് വകുപ്പുകളും ചുമത്തിയാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായണ്‍, പ്രവാസിയായ അല്‍ക ലഹോട്ടി, രജനീഷ് എന്നിവര്‍ക്കെതിരെ ബിജ്‌നോര്‍ പോലീസ് കേസെടുത്തത്. അല്‍ക്ക ലഹോട്ടിയുടെ ഉമസ്ഥതയിലുള്ള ഒരു ഗോശാലയുടെ ഭൂമി തട്ടിയെടുക്കാന്‍ ചമ്പത് റായിയും സഹോദരങ്ങളും ശ്രമിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായണ്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മൂന്ന് ദിവസം മുമ്പ് ആരോപിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാന്‍ ഭൂമി ഉടമ അല്‍ക്ക ലഹോട്ടി 2018 മുതല്‍ ശ്രമിച്ചു വരികയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കിയിരുന്നുവെന്നും വിനീത് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ചമ്പത് റായിയുടെ സഹോദരന്‍ സഞ്ജയ് ബന്‍സല്‍ വിനീതിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും രാജ്യത്തൊട്ടാകെയുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. മതത്തിന്റെ പേരില്‍ ശത്രുത പ്രചരിപ്പിക്കല്‍, വ്യാജ തെളിവ് നല്‍കല്‍, വഞ്ചന, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മാധ്യമപ്രവര്‍ത്തകനും മറ്റു രണ്ടുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസ് കേസെടുത്തതിനു പിന്നാലെ ചമ്പത് റായിയെയും സഹോദരന്‍ ബന്‍സലിനെയും പിന്തുണയ്ക്കുന്ന തരിത്തില്‍ ബിജ്‌നോര്‍ ജില്ലാ പോലീസ് മേധാവി ട്വിറ്ററില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഭൂമി കയ്യേറ്റത്തില്‍ ചമ്പത് റായിക്ക് പങ്കില്ലെന്ന് പ്രാഥമികാന്വേഷമത്തില്‍ കണ്ടെത്തിയെന്നായിരുന്നു പോലീസ് മേധാവി ഡോ. ധരംവീര്‍ സിങ് പറഞ്ഞത്. അന്വേഷണം നടന്നുവരികയാണെന്നും വിഡിയോയില്‍ പോലീസ് പറഞ്ഞു.