Sorry, you need to enable JavaScript to visit this website.

ബേക്കൽ ടൂറിസത്തിനു പുത്തനുണർവ്:  നിർത്തിവെച്ച റിസോർട്ട് പണി പുനരാരംഭിക്കുന്നു

കാസർകോട് - കോവിഡ് മഹാമാരികാലത്ത് പ്രതീക്ഷാനിർഭരമായി ബേക്കൽ ടൂറിസം.  ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ ബി ആർ ഡി സി  റിസോർട്ട് സൈറ്റിലെ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിമാണം പുനരാരംഭിക്കാൻ തീരുമാനമായി.   നിർമാണ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി റിസോർട്ട് നിമാതാക്കളായ  ഗ്ലോബ് ലിങ്ക് ഹോട്ടൽസ്  ബി ആർ ഡി സിക്ക് നൽകാനുണ്ടായിരുന്ന മുഴുവൻ ലീസ്  കുടിശ്ശികയും അടച്ചു തീർത്തു. 150 ഓളം റൂമുകളുള്ള   ഈ നക്ഷത്ര ഹോട്ടൽ സമുച്ചയത്തിൽ കൺവെൻഷൻ  സെന്ററും സ്പായും ഉൾപ്പെടും. ബേക്കൽ ബീച്ചിന് അഭിമുഖമായി കമ്പനിക്ക് നൽകിയ മൂന്ന് ഏക്കറിൽ റിസോർട്ടിലെത്തുന്നവർക്ക് പുഴയിലൂടെ ബോട്ടിൽ വന്ന് കടലോര സൗന്ദര്യമൊരുക്കാനുള്ള സൗകര്യവുമുണ്ട്.

കഴിഞ്ഞ സർക്കാർ ബി ആർ ഡി സി  എം.ഡിയുടെ ചുമതല ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിനെ ഏൽപിച്ചതോടെ ബി ആർ ഡി സിയിൽ നിന്നും ലീസിനെടുത്ത് നിർമാണം നിലച്ച  മലാംകുന്നിലെ ഗ്ലോബ് ലിംക്, ചേറ്റുകുണ്ടിലെ എയർ ട്രാവൽസ് എന്റർപ്രൈസസ്, ചെമ്പിരിക്കയിലെ ഹോളിഡേ ഗ്രൂപ്പ് എന്നീ കമ്പനികൾ ഏറ്റെടുത്ത റിസോർട്ടുകളുടെ പണി പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. 1992 ൽ കേന്ദ്ര സർക്കാർ ബേക്കലിനെ ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാൻ പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ചതോടെയാണ് ബേക്കൽ ആഗോള തലത്തിൽ ശ്രദ്ധയാകർഷിക്കപ്പെട്ടത്.  ബേക്കലിൽ ടൂറിസം അടിസ്ഥാന സൗകര്യമൊരുക്കാനും ലോകോത്തര നിലവാരമുള്ള താമസ സൗകര്യമൊരുക്കാനുമാണ് 1995 ൽ സംസ്ഥാന സർക്കാർ ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപറേഷൻ  രൂപീകരിച്ചത്. 235 ഏക്കർ ഏറ്റെടുത്ത് ഏകദേശം 40 ഏക്കർ വീതം പള്ളിക്കര, ചെമ്മനാട്, ഉദുമ, അജാനൂർ എന്നീ നാല് പഞ്ചായത്തുകളിലായി ആറ്  കമ്പനികൾക്ക് ലീസിന് നൽകി.

റിസോർട്ടുകളിലേക്കും മറ്റുമായി നിരവധി റോഡുകളാണ് സർക്കാർ ടൂറിസത്തിനായി നിർമിച്ചത്. അതോടൊപ്പം നാല്  പഞ്ചായത്തുകളിലേക്ക് പൊതുജനങ്ങൾക്കും റിസോർട്ടുകളിലേക്കും കുടിവെള്ളമെത്തിക്കാൻ ചെയ്ത 7 എം എൽ ഡി  വാട്ടർ പ്രോജക്ട് ഈ ആസൂത്രിത ടൂറിസത്തിന്റെ സംഭാവനയായിരുന്നു. അജാനൂർ പഞ്ചായത്തിലെ കൊളവയൽ റിസോർട്ട് പദ്ധതി മാത്രമാണ് തീരദേശ നിയമം മൂലം ഏറ്റെടുത്ത സംരംഭകൻ ഉപേക്ഷിച്ചത്.

മലാംകുന്നിലെ റിസോർട്ട് പദ്ധതി പുനരാംരഭിക്കുന്നതോടെ മറ്റ് റിസോർട്ട് ഏറ്റെടുത്ത കമ്പനികളും  പണി പുനരാരംഭിച്ച് റിസോർട്ട് പ്രവർത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  ജില്ലാ കലക്ടർ ഡോ. സജിത് ബാബു  അറിയിച്ചു. പാതി വഴിയിലായ റിസോർട്ടുകൾ പ്രവർത്തിച്ചു തുടങ്ങിയാൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന താജ്, ലളിത് തുടങ്ങിയ  റിസോർട്ടുകളിൽ നിന്നും ലഭിക്കുന്ന പോലെ  ബി.ആർ.ഡി.സിക്ക്  മുടങ്ങാതെ  ലീസ് ലഭിച്ചു തുടങ്ങും. പഞ്ചായത്തുകൾക്ക് നികുതിയിനത്തിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ജി എസ് ടിയുമടക്കം  കോടികളാണ് റിസോർട്ടുകളിൽ നിന്നും  വിവിധ നികുതിയായിനത്തിൽ വരുമാനമായി ലഭിക്കുക.  മുഴുവൻ റിസോർട്ടുകളും പ്രവർത്തിച്ച് തുടങ്ങിയാൽ 600 നക്ഷത്ര റിസോർട്ട് മുറികളാണ് ജില്ലയിൽ സജ്ജമാവുക. ഇത് ഡെസ്റ്റിനേഷർ വെഡ്ഡിംഗുകളുടെയും എം ഐ സി ഇ ടൂറിസത്തിന്റെയും കേന്ദ്രമായി ബേക്കൽ മാറ്റും. ബേക്കൽ ടൂറിസം പദ്ധതി പൂർത്തിയാവുന്നതോടെ കുറഞ്ഞത് ഒരു ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

 

 

Latest News