കാബൂള്‍- യുഎസ്, നാറ്റോ സേനകളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണായും പിന്‍വലിക്കുന്നതോടെ അഫ്ഗാനില്‍ ഇന്ത്യ സ്വീകരിക്കുന്ന പുതിയ നയത്തില്‍ അവ്യക്ത. സെപ്തംബര്‍ 11ന് മുമ്പായി സേനാ പിന്മാറ്റം പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ്. ഈ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. യുഎസ് പിന്മാറ്റത്തോടെ താലിബാന് മേല്‍ക്കൈ ലഭിച്ചുവരുന്നതായാണ് റിപോര്‍ട്ട്. ഇതിനിടെ ഇന്ത്യ ഒരു വിഭാഗം താലിബാന്‍ നേതാക്കളുമായി ബന്ധപ്പെട്ടതായും റിപോര്‍ട്ടുണ്ട്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച താലിബാന്‍ വക്താവ് ഇന്ത്യ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളുമായി ഒന്നിച്ചു നില്‍ക്കാമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.
'പാക്കിസ്ഥാന്‍ ഞങ്ങളുടെ അയല്‍ക്കാരാണ്. അവരുമായി ചരിത്രവും മൂല്യങ്ങളും ഞങ്ങള്‍ പങ്കിടുന്നുണ്ട. ഇന്ത്യയും ഞങ്ങളുടെ അയല്‍ക്കാരാണ്. ആര്‍ക്കും അയല്‍ക്കാരെയോ മേഖലയേയോ മാറ്റാനാകില്ല. ഈ യാഥാര്‍ത്ഥ്യം നാം അംഗീകരിച്ച് സമാധാനപരമായ സഹവര്‍ത്തിത്വം ആകാം. ഇതാണ് എല്ലാവരുടേയും താല്‍പര്യം,' താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍ പറഞ്ഞു. യുഎസ് പിന്‍മാറിയാല്‍ അഫ്ഗാനിലെ ഇന്ത്യയുടെ റോള്‍ എന്തായിരിക്കുമെന്നും കശ്മീര്‍ വിഷയത്തില്‍ നിലപാട് എന്താണ് എന്നുമുള്ള ചോദ്യങ്ങള്‍ക്കാണ് സുഹൈല്‍ ഇങ്ങനെ മറുപടി നല്‍കിയത്.
യുഎസ് താലിബാനുമായി സമാധാന ചര്‍ച്ച നടത്തുകയും പാക്കിസ്ഥാന്‍ ഇതിന് സഹായമൊരുക്കുകയും പിന്നീട് താലിബാന്‍-അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുകയും ചെയ്തതോടെ അഫ്ഗാനിലെ സമാധാന ശ്രമങ്ങളില്‍ നിന്ന് ഇന്ത്യ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 300 കോടി ഡോളറിന്റെ വികസനപദ്ധതികള്‍ നടപ്പാക്കി അഫ്ഗാനില്‍ ഇന്ത്യ സജീവ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിലെ പുതിയ റോള്‍ എന്താണ് എന്നതു സംബന്ധിച്ച് അനിശ്ചിതത്വമാണ്. പ്രത്യേക് താലിബാന്‍ അഫ്ഗാനിലെ പ്രബലരായ രാഷ്ട്രീയ ശക്തിയായി തിരിച്ചുവരുന്ന ഈ ഘട്ടത്തില്‍.
ഈ സാഹചര്യത്തില്‍ പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട് ഇന്ത്യ താലിബാനുമായി സഹകരിച്ചേക്കാം എന്നും സൂചനയുണ്ട്. അഫ്ഗാനിലെ എല്ലാ തല്‍പ്പരകക്ഷികളുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഈയിടെ പറഞ്ഞത് ഇതിലേക്കുള്ള സൂചന ആയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇതിനെ കുറിച്ച് അറിയില്ലെന്നാണ് താലിബാന്‍ വക്താവ് പറഞ്ഞത്.
മേയ് ഒന്നു മുതലാണ് യുഎസ്, നാറ്റോ സേനകളുടെ പിന്‍മാറ്റം ആരംഭിച്ചത്. സെപ്തംബര്‍ 11നു മുമ്പ് പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതോടൊപ്പം താലിബാന്‍ കൂടുതല്‍ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു തുടങ്ങി. അഫ്ഗാനില്‍ ഇപ്പോള്‍ യുദ്ധസമാന സാഹചര്യമാണെന്ന് പല റിപോര്‍ട്ടുകളും ഉണ്ട്. അഫ്ഗാനിലെ 398 ജില്ലകളില്‍ 105 ജില്ലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്.