കൊച്ചി-ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) സംഘം കനകമല ഐഎസ് കേസില്‍ പ്രതികളായ തലശ്ശേരി സ്വദേശി മന്‍സീദ് എന്ന ഉമര്‍ അല്‍ഹിന്ദിയേയും തിരൂര്‍ സ്വദേശി റയാന്‍ എന്ന സഫ്‌വാനെയും ചോദ്യം ചെയ്യും.
തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇരുവരെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. തിങ്കളാഴ്ച രാവിലെ 10 മണിക്കും വൈകീട്ട് അഞ്ച് മണിക്കുമിടയില്‍ പ്രതികളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരിക്കണമെന്നും പ്രതികള്‍ക്ക് ശാരീരികമോ മാനസികമോ ആയ പീഡനമുണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ ഉദ്യോഗസ്ഥരും ഐടി വിദഗ്ധരും അടങ്ങിയ ടീമാകും ഇരുവരെയും ചോദ്യം ചെയ്യുക.
ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധം കണ്ടെത്തുകയാണ് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം. ഐഎസ് കേസ് പ്രതികളുടെ ടെലിഫോണ്‍ സോഷ്യല്‍ മീഡിയ ഇ മെയില്‍ വിശദാംശങ്ങള്‍ പരിശോധിച്ച എന്‍ഐഎക്ക് മന്‍സീദ് അംഗമായ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സഫ്‌വാനുമായി ഷെഫിന്‍ ജഹാന് പരിചയമുണ്ടെന്നും എന്‍ഐഎക്ക് വിവരം ലഭിച്ചു.
ഹാദിയ കേസില്‍ 30 ലധികം പേരുടെ മൊഴി എന്‍ഐഎ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഷെഫിന്‍ ജഹാനെ രണ്ടു വട്ടം ചോദ്യം ചെയ്തു. ഹാദിയയെയും ചോദ്യം ചെയ്തു. നിര്‍ണായക തെളിവുകളെന്ന് പറയുന്ന രണ്ട് സി ഡികളും എന്‍ഐഎ ഹാജരാക്കി.