Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ ചര്‍ച്ച മണ്ഡല പുനര്‍നിര്‍ണയത്തെ കുറിച്ച്; സംസ്ഥാന പദവി ഇപ്പോഴില്ല

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പാര്‍ട്ടികളുടെ സര്‍വകക്ഷി യോഗം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ക്കുന്നത് മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനെന്ന് റിപോര്‍ട്ട്. ജൂണ്‍ ആദ്യ വാരത്തില്‍ ജമ്മു കശ്മീര്‍ ഭരണകൂടം തുടക്കം കുറിച്ച നിയമസഭാ, ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്ക് രാഷ്ട്രീയ സാധുത നേടിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമായാണ് നിരീക്ഷകര്‍ ഈ സര്‍വകക്ഷി യോഗത്തെ കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള മുന്നൊരുക്കമായാണ് ഈ മണ്ഡല പുനര്‍നിര്‍ണയമെന്ന് കരുതപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണ്. ഇതിനു മുന്നോടിയായി മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം നേടിയെടുക്കാനും അഭിപ്രായ ഐക്യവും ഉണ്ടാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷയായ മണ്ഡലപുനര്‍നിണയ കമ്മീഷന്‍ കശ്മീരിലെ ജില്ലാ കമ്മീഷണര്‍മാരില്‍ നിന്ന് നേരത്തെ വിവരങ്ങള്‍ തേടിയിരുന്നു. 

സംസ്ഥാന പദവിയും റദ്ദാക്കപ്പെട്ട പ്രത്യേക ഭരണഘടന (370ാം വകുപ്പ്) പദവിയും പുനസ്ഥാപിക്കാന്‍ ഇപ്പോള്‍ നീക്കമില്ലെന്നും ഇതു സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. അനുയോജ്യമായ സമയത്ത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിനുള്ള സമയമായിട്ടില്ല എന്നാണ് കേന്ദ്ര നിലപാട്.

ജമ്മു കശ്മീരിലെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ 14 നേതാക്കളേയാണ് പ്രധാനമനന്ത്രി സര്‍വകക്ഷി യോഗത്തിനായി ക്ഷണിച്ചിട്ടുള്ളത്. ദല്‍ഹിലില്‍ ഈ മാസം 24നാണ് യോഗം. 2019 ഓഗസ്റ്റില്‍ ജമ്മു കശ്്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര ഭരണം സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി മോഡി ആശയവിനിമയം നടത്തുന്നത്.

Latest News