ന്യൂദല്‍ഹി- കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗാതീരത്ത് നൂറുകണക്കിന് പേര്‍ ഒത്തുകൂടി. ഗംഗാ ദസറാ ദിനമായ ഇന്ന് തീരത്ത് ഒത്തുകൂടിയവര്‍ മാസ്‌കും സാമൂഹിക അകലവും അടക്കമുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് നഗരത്തിലും സമാന രംഗങ്ങള്‍ അരങ്ങേറി.
എല്ലാവര്‍ഷവും ഈ ദിവസം ആഘോഷിക്കുന്നതിനും ഗംഗാ സ്‌നാനത്തിനുമായി സമീപ ജില്ലകളില്‍ നിന്നും നിരവധിപേര്‍ ഫറൂഖാബാദിലേക്ക് എത്താറുണ്ട്. ഭക്തരുടെ തിരക്ക് പ്രതീക്ഷിച്ച് ജില്ലാ ഭരണകൂടം ഇത്തവണയും ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, ഹരിദ്വാറില്‍ ഗംഗ ദസറ ആചരിക്കാന്‍ എത്തിയ ഭക്തര്‍ ഹര്‍ കി ഘട്ടില്‍ സ്‌നാനം ചെയ്തു. ഇവിടെയും ആളുകള്‍ ശരിയായ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല. സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ ധരിക്കാതെയും നദീതീരത്ത് ഇവര്‍ കൂട്ടം കൂടി.
അതിര്‍ത്തിയില്‍ നെഗറ്റീവ് ആര്‍.ടി-പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുളള ആളുകളെ മാത്രമേ കടത്തി വിടുന്നുളളുവെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇവരോട് ആഭ്യര്‍ഥിക്കുന്നതായും അധികൃതര്‍ പറഞ്ഞു.