ന്യൂദല്‍ഹി- മുത്തലാഖിനെ ചൊല്ലിയുള്ള കടുംപിടിത്തത്തില്‍ മുറുകി പിരിഞ്ഞ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി മോഡിയും മുന്‍പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും കൈകൊടുത്തു പിരിഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ആരോപണങ്ങളും മറുപടികളും കൊണ്ടു വാക്പയറ്റു നടത്തിയശേഷം ഇതു രണ്ടാം തവണയാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി കുശലം പറഞ്ഞും കരംപിടിച്ചും മന്‍മോഹന്‍ സിംഗിന്റെ അരികിലെത്തുന്നത്.
രാജ്യസഭയില്‍ സമ്മേളനം അവസാനിച്ചതിനു പിന്നാലെ തന്നെ മോഡി മന്‍മോഹന്‍ സിംഗ് ഉള്‍െപ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ എത്തി ചിരിച്ചുകൊണ്ട് കൈ നീട്ടി. തുടര്‍ന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗിനും മോഡി കൈ കൊടുത്തു. രാജ്യസഭാംഗമായുള്ള കരണ്‍ സിംഗിന്റെ കാലാവധി ഇന്നലെ പൂര്‍ത്തിയായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനെ ചാരി മന്‍മോഹനെതിരേ ഗുരുതര ആരോപണങ്ങളാണ് മോഡി നടത്തിയിരുന്നത്. തെറ്റായ പരാമര്‍ശങ്ങള്‍ക്കു മോഡി രാജ്യത്തോടു മാപ്പു പറയണമെന്നു മന്‍മോഹനും തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തിന് കണ്ടപ്പോഴും ഇരുവരും കുശലം പറഞ്ഞും കൈ കൊടുത്തുമാണ് പിരിഞ്ഞത്.