ലഖ്‌നൗ- സർക്കാർ വാഹനമെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ബീക്കൺ ഘടിപ്പിച്ച വാഹനത്തിലെത്തി മോഷണം നടത്തുന്ന സംഘത്തെ വലയിലാക്കി പോലീസ്. ഉത്തർ പ്രദേശിലാണ് സംഭവം. നഗരത്തിലെ വിവിധ മദ്യശാലകളിൽ നിന്നായിരുന്നു ഇവർ മോഷണം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പ്രതികളായ നാലുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേന്ദ്രസർക്കാർ വാഹനമെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങൾ വരുത്തിയ വാഹനമായിരുന്നു പ്രതികൾ ഉപയോഗിച്ചിരുന്നത്. കാറിൽ അശോകചിഹ്നവും ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന എഴുത്തും ഉണ്ടായിരുന്നുവെനന് പോലീസ് പറഞ്ഞു. നഗരത്തിലെ വിവിധ മദ്യശാലകളിൽ നിന്നായി മോഷ്ടിച്ച മദ്യക്കുപ്പികളുടെ വലിയ ശേഖരവും കാറിൽ ഉണ്ടായിരുന്നു. ഇതും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇത്തരത്തിൽ അൻപതോളം മദ്യപ്പെട്ടികൾ വാഹനത്തിലുണ്ടായിരുന്നു.
ദീപക് കശ്യപ്, രോഹിത് കശ്യപ്, മോഹിത്, ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായതെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. വാഹനത്തിന്റെ ഉടമ റെയിൽവേ പോലീസിലെ ഒരു അസിസ്റ്റന്റ് കമാൻഡന്റാണെന്നാണ് പ്രതികൾ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ ഒരു സ്വകാര്യ സ്ഥാപനത്തിലെ െ്രെഡവറായിരുന്നു. കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്ന വാഹനമാണ് ദുരുപയോഗിക്കപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
രോഹിത് എന്ന പ്രതിയാണ് മോഷണത്തിന്റെ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. ലഖ്‌നൗവിലെ ആഷിയാന, ഠാക്കൂർഗഞ്ച് എന്നിവിടങ്ങളിലെ മദ്യശാലകൾ കേന്ദ്രീകരിച്ചായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. വാഹനത്തിൽ പകൽ ചുറ്റിക്കറങ്ങി മദ്യശാലകളുടെ വിശദാംശങ്ങൾ കണ്ടെത്തുന്ന സംഘം രാത്രിയിലായിരുന്നു മോഷണം നടത്തിയിരുന്നതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പോലീസിന്റെ കണ്ണുവെട്ടിക്കാനായി കാറിലെ ബീക്കൺ ലൈറ്റ് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.