ശ്രീനഗര്‍- ജമ്മു കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണം ലഭിച്ചതായി പാര്‍ട്ടികള്‍. മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹ്ബുബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല എം.പി, ഉമര്‍ അബ്ദുല്ല, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജാദ് ലോണ്‍, മുസഫര്‍ ഹുസൈന്‍ ബെയ്ഗ്, സിപിഎം നേതാവ് എം യുസുഫ് തരിഗാമി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ജി എ മിര്‍ എന്നിവര്‍ തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിളി വന്നതായി സ്ഥിരീകരിച്ചു. ജമ്മുവില്‍ നിന്ന് നിര്‍മല്‍ സിങ്, രവീന്ദര്‍ റെയ്‌ന, ഭീം സിങ്, കവിന്ദര്‍ ഗുപ്ത, താരാ ചന്ദ് എന്നീ നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിനു മുന്നോടിയായി കശ്മീരിലെ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ സഖ്യം യോഗം ചേരുമെന്നും റിപോര്‍ട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനസ്ഥാപിക്കുക എന്ന ആവശ്യവുമായി കശ്മീരിലെ എല്ലാ പാര്‍ട്ടികളും ഒന്നിച്ച സഖ്യമായണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ അഥവാ ഗുപ്കര്‍ സഖ്യം. ഇതിനു പുറമെ വിവിധ പാര്‍ട്ടികളും വേറെ യോഗം ചേര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കും.
മുതിര്‍ന്ന പിഡിപി നേതാവും പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ അമ്മാവനുമായ സത്‌റജ് മദനിയെ തടങ്കലില്‍ നിന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചു. പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയായിരുന്നു മോചനം. ഇതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ സര്‍വകക്ഷിയോഗത്തിലേക്ക് വിളിയും വന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ ശേഷം രണ്ടാം തവണയാണ് സത്‌റജ് മദനിയെ തടങ്കലില്‍ ഇട്ടിരുന്നത്. ശ്രീനഗറിലെ എംഎല്‍എ ഹോസ്റ്റലിലായിരുന്നു തടങ്കല്‍.