Sorry, you need to enable JavaScript to visit this website.

പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക്  ജോലി നൽകിയത് വിവാദമാകുന്നു

  • പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് 

കാസർകോട്- പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊല്ലപ്പെടുത്തിയ കേസിൽ റിമാന്റ് തടവിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ ജോലി നൽകിയത് വിവാദത്തിൽ. കാസർകോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രിയിൽ നാല് പേർക്ക് ജോലി നൽകിയതാണ് ഒച്ചപ്പാടായത്. 
കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എം. പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സജിയുടെ ഭാര്യ ചിഞ്ചു, പ്രതി സുരേഷിന്റെ ഭാര്യ ബേബി, സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു സി.പി.എം പ്രവർത്തകന്റെ ഭാര്യ എന്നീ നാല് പേർക്കാണ് നിയമനം നൽകിയത്. 


നിയമനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് ഇന്റർവ്യൂ നടത്തി അംഗീകാരം നൽകിയത്. എന്നാൽ ഇന്റർവ്യൂ നടത്തുമ്പോൾ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി.ഐയിലെ അഡ്വ. സരിതയെ ഒഴിവാക്കിയെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. നിയമന കാര്യം തന്നോട് ആലോച്ചിട്ടില്ലെന്നാണ് സരിത പ്രതികരിച്ചത്. ആറു മാസത്തേക്കാണ് നിയമനമെങ്കിലും പിന്നീട്നീട്ടിനൽകാനും നിയമനം സ്ഥിരപ്പെടുത്താനുമാണ് നീക്കം.
നിയമനം നൽകിയതിലൂടെ അഞ്ചു വർഷവും കൊലക്കേസ് പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കൊലക്കേസിൽ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സി.ബി.ഐ അന്വേഷണം നടക്കുകയാണ്. പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണം വരുന്നത് തടയാൻ സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ചതും കൊല്ലപ്പെട്ടവരുടെ കുടുംബം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 


ഇപ്പോൾ പ്രതികളുടെ കുടുംബത്തെയും സർക്കാർ ശമ്പളം നൽകുന്ന ജോലി നൽകി നിയമിച്ചതാണ് കൂടുതൽ വിവാദമായത്. സി.ബി.ഐ സംഘം സി.പി.എം ഏരിയ, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾ റെയ്ഡ് നടത്തി രേഖകൾ പരിശോധിച്ചിരുന്നു. പ്രമുഖ നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിനിടയിൽ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലിയും നൽകിയതിൽ വ്യാപകമായ എതിർപ്പാണ് ഉയരുന്നത്. 


സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച രാവിലെ ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു. വൻ പോലീസ് സന്നാഹമെത്തി അറസ്റ്റ് ചെയ്തുനീക്കി. അതേസമയം നിയമപ്രകാരം ഹാജരായ 100 പേരെ ഇന്റർവ്യൂ ചെയ്താണ് നിയമനം നടത്തിയിട്ടുള്ളതെന്നും നിയമവിധേയമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജോലി നൽകിയതെന്നും അർഹതയുള്ളവർക്ക് ജോലി നൽകുന്നതിനെ വിമർശിക്കുന്നതിൽ കഴമ്പില്ലെന്നും സി.പി.എം നേതൃത്വം വിശദീകരിക്കുന്നു.

Latest News