ഹൈദരാബാദ്- സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായി തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളെജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതല്‍ സാധാരണ പോലെ തുറക്കും. ഇതിന് എല്ലാ മുന്നൊരുക്കങ്ങളും നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് കേസുകളും രോഗ വ്യാപന നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കോവിഡ് നിയന്ത്രണത്തിലായെന്നും ചൂണ്ടിക്കാട്ടിയാണ് ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എല്ലാ വിധ നിയന്ത്രണങ്ങളും നീക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മേയ് രണ്ടാം വാരത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പലതവണ നീട്ടിയ ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതിന് 10 ദിവസത്തേക്കു കൂടി നീട്ടിയിരുന്നു. കഴിഞ്ഞ ദിവസം 1400 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. 1.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12 പേര്‍ മരിച്ചു.