പാലക്കാട്- നെന്മാറയിലെ ഭർതൃവീട്ടിൽ 11 വർഷം ഒളിച്ചു താമസിച്ച സജിതയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. നെന്മാറയിലെത്തി സജിതയെയും റഹ്മാനെയും റഹ്മാന്റെ മാതാപിതാക്കളെയും നേരിട്ട് കണ്ട് സംസാരിച്ച ശേഷം കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ടോമിൻ കെ തച്ചങ്കരിക്കാണ് അന്വേഷണ ചുമതല. സജിത അനുഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷൻ സജിതയെയും റഹ്മാനെയും നേരിട്ട് സന്ദർശിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ അന്വേഷണ വിഭാഗത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. റിപ്പോർട്ട് കിട്ടിയശേഷം കേസ് പരിഗണിക്കും.