രാജ്കോട്ട്- സുഖമില്ലാത്ത അമ്മയെ ടെറസിൽനിന്ന് തള്ളിയിട്ട് കൊന്നുവെന്ന കേസിൽ 36 കാരനായ അസിസ്റ്റന്റ് പ്രൊഫസർ പിടിയിലായി. രാജ്കോട്ടിലെ ഫാർമസി കോളേജിൽ അധ്യാപകനായ സന്ദീപ് നാദാനിയെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 29 നാണ് ജഡയശ്രീ ബെൻ എന്ന വീട്ടമ്മ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത്.
അസുഖ ബാധിതയായ വീട്ടമ്മ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കെട്ടിട സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വീട്ടമ്മയെ മകൻ തള്ളിയിട്ടതാണെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിനിടെ ആദ്യം കുറ്റം നിഷേധിച്ച മകൻ പിന്നീട് പോലീസിനോട് കുറ്റസമ്മതം നടത്തി. അമ്മയുടെ അസുഖംമൂലം മനംമടുത്താണ് ടെറസിൽനിന്ന് തള്ളിയിട്ടതെന്ന് സന്ദീപ് മൊഴി നൽകിയിട്ടുണ്ട്. അമ്മയെ കെട്ടിടത്തിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം സന്ദീപ് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സന്ദീപിനെ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രി വിട്ടതിനുശേഷമെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.