ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ എല്ലാ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുന്നതായി റിപോര്‍ട്ട്. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കല്‍, തെരഞ്ഞെടുപ്പ് നടത്തല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കേന്ദ്രം ചര്‍ച്ച ചെയ്‌തേക്കും. 2019ല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ വിഭജിക്കുകയും കേന്ദ്ര ഭരണത്തിന് കീഴിലാക്കുകയും ചെയ്തതനു ശേഷം പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്ന ആദ്യ പരിപാടിയാണിത്. പ്രധാനമന്ത്രിയുടെ യോഗം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായും എന്നാല്‍ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ജമ്മു കശ്മീര്‍ സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി വരികയാണ്.
2019 ഓഗസ്റ്റിലാണ് ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജമ്മു കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരും മാസങ്ങളോളം തടങ്കലിലായിരുന്നു.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഏഴ് പാര്‍ട്ടികളുടെ പുതിയ സഖ്യവും ഗുപ്കര്‍ അലയന്‍സ് എന്ന പേരില്‍ ജമ്മു കശ്മീരില്‍ രൂപംകൊണ്ടിരുന്നു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് ഈ സഖ്യവും വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തകര്‍ന്നതിനു ശേഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.