ന്യൂദൽഹി- മഹാരാഷ്ട്രയിൽ ദലിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയണമെന്ന് ഗുജറാത്തിലെ ദലിത് നേതാവും നിയുക്ത എം.എൽ.എയുമായ ജിഗ്‌നേഷ് മേവാനി. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് ദൽഹിയിൽ ജനുവരി ഒമ്പതിന് യുവ ആത്മാഭിമാന യാത്ര സംഘടിപ്പിക്കുമെന്നും ജിഗ്‌നേഷ് പ്രഖ്യാപിച്ചു. ഈ റാലിയിൽ ദലിതരും ന്യൂനപക്ഷ സമുദായംഗങ്ങളും യുവ നേതാക്കളും സംബന്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈയിൽ റാലിയിൽ പങ്കെടുക്കുന്നതിൽ നിന്നും തന്നെ വിലക്കിയത് കേന്ദ്ര സർക്കാർ തന്നെ നോട്ടമിട്ടത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദ്ദം തകർക്കും വിധം പ്രകോപനപരമായി പ്രസംഗിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ജിഗ്‌നേഷിനെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തിരുന്നു. എന്നാൽ തന്റെ പ്രസംഗത്തിൽ പ്രകോപനപരമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപി എന്നെ ഭയക്കുകയാണ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പുഫലം വന്നതോടെ അവർ എന്നെ നോട്ടമിട്ടിരിക്കുകയാണ്,' ജിഗ്‌നേഷ് പറഞ്ഞു. നമുക്കു വേണ്ടത് ജാതി രഹിത ഇന്ത്യയാണ്. ഭീമ കൊറെഗാവ് യുദ്ധവിജയത്തിന്റെ 200ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദലിതർക്ക് സമാധാനപരമായി ഒരു റാലി സംഘടിപ്പിക്കാൻ അവകാശമില്ലെ? ജിഗ്‌നേഷ് ചോദിച്ചു.