Sorry, you need to enable JavaScript to visit this website.

തുറമുഖ വകുപ്പിലെ പദ്ധതികൾ ഏകോപിപ്പിക്കും -മന്ത്രി ദേവർകോവിൽ

മലബാർ ലോജിസ്റ്റിക് സർവീസസ് ഫോറം ഭാരവാഹികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം സമർപ്പിക്കുന്നു. 

കണ്ണൂർ- തുറമുഖ മേഖലയിലെ സർക്കാർ പദ്ധതികളുടെ വേഗം കൂട്ടാൻ ഗവണ്മെന്റ് സെക്രട്ടറിയേറ്റിന്റെയും മരിടൈം ബോർഡിന്റെയും സർക്കാർ ജീവനക്കാരുടെയും കൂട്ടായ ശ്രമം അനിവാര്യമാണെന്നും അതിനായി മൂന്നു വിഭാഗത്തെയും ഒത്തൊരുമയോടെ പ്രവർത്തിപ്പിക്കാൻ ശ്രമം നടത്തുമെന്നും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉറപ്പു നൽകി. ഈ മേഖലയിൽ വിവിധ നിർദേശങ്ങളുമായി തന്നെ വന്നു കണ്ട നോർത്ത് മലബാർ ലോജിസ്റ്റിക് സർവീസസ് ഫോറവുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഭാരവാഹികളായ അബ്ദുൽ ഖാദർ പനക്കാട്ട്, പി.പി. ഫാറൂഖ്, റഫീഖ് എന്നിവർ മന്ത്രിയെ കണ്ണൂർ ഗസ്റ്റ് ഹൗസിൽ സന്ദർശിച്ചു. വടക്കേ മലബാർ മേഖലയിൽ തളർന്നു കിടക്കുന്ന വ്യവസായ വാണിജ്യ മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന അഴീക്കൽ തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഗവണ്മെന്റ് സെക്രട്ടറിയേറ്റിന്റെയും മരിടൈം ബോർഡിന്റെയും സർക്കാർ ജീവനക്കാരുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമം വേണമെന്ന് ഫോറം ഭാരവാഹികൾ മന്ത്രിയോട് അഭ്യർത്ഥിച്ചു. 


തുറമുഖ മേഖലയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടാവുമെന്നും വികസന പ്രവർത്തനങ്ങൾക്ക് കാലതാമസം ഉണ്ടാകില്ലെന്നും ശ്രദ്ധയിൽപെട്ട കാര്യങ്ങളിൽ അടിയന്തര നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.  ലോജിസ്റ്റിക്‌സ് ഫോറം വടക്കേ മലബാർ മേഖലയിൽ ചരക്ക് നീക്ക മേഖലയിൽ പ്രവർത്തിക്കുന്നവർ നോർത്ത് മലബാർ ലോജിസ്റ്റിക്‌സ് സർവീസസ് ഫോറം എന്ന പേരിൽ സംഘടന രൂപീകരിച്ചു.  
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം മേഖലയിൽ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് ചരക്ക് നീക്കത്തിന്ന് ഉണ്ടാകുന്ന കൂടിയ ചെലവും കാലതാമസവും പരിഹരിച്ചു കിട്ടുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. ഇതു സംബന്ധമായ പ്രശ്‌നങ്ങൾ അധികൃത ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി കാസർകോട്, വയനാട് ജില്ലകളിലുള്ളവരെ കൂടി ഉൾപ്പെടുത്തിയാണ് കൂട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. അബ്ദുൽ ഖാദർ പനക്കാട് ചെയർമാനും പി.പി. ഫാറൂഖ് ജനറൽ കൺവീനറും അബ്ദുൽ റഫീഖ്, എ.വാമനൻ നമ്പൂതിരി, വാസു നമ്പ്യാർ, അജയ് സുഭാഷ്, ഫിറോസ് എ.എച്ച് എന്നിവർ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളുമാണ്.

 

 

Latest News