ജറുസലേം- ഫലസ്തീന് 10 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ ഉടൻ കൈമാറുമെന്ന് ഇസ്രായിൽ. യു.എൻ പദ്ധതിപ്രകാരം ഫലസ്തീന് വാക്‌സിൻ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് വാക്‌സിൻ കൈമാറ്റം.
നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരാണ് ഫലസ്തീന് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രായിലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസർ വാക്‌സിനാണ് ഉടൻ കൈമാറുക. അതേ സമയം ഇത് സംബന്ധിച്ച് ഫലസ്തീൻ അധികൃതരിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.
ഇസ്രായിലിൽ ഇതിനോടകം മുതിർന്ന ജനസംഖ്യയുടെ 85 ശതമാനം പേർക്കും വാക്‌സിനേഷൻ നൽകി. അധിനിവേശ വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും 4.5 ദശലക്ഷം ഫലസ്തീനികൾക്ക് വാക്‌സിൻ നൽകാത്തതിൽ ഇസ്രായിലിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് വെസ്റ്റ്ബാങ്കിലെ 3,80,000 പേർക്കും ഗാസയിലെ 50,000 പേർക്കും ഇതുവരെ വാക്‌സിൻ നൽകി. ഇസ്രായിലിൽ ജോലി ചെയ്യുന്ന വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തോളം പലസ്തീനികൾക്കും മുമ്പ് വാക്‌സിൻ നൽകിയിരുന്നു.