റായ്പൂർ- വളർത്തു നായയെ കൊന്ന മകനെതിരെ അച്ഛൻ നൽകിയ പരാതിയിൽ പോലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുർ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം.
ശിവമംഗൽ സായ് എന്നയാളുടെ ജബ്ബു എന്ന വളർത്തു നായയെ മക്കളിൽ ഒരാളായ സന്താരിയാണ് കൊന്നത്. സായിയുടെ ഓമനയായിരുന്നെങ്കിലും മക്കള്‍ക്ക് നായയോട് അത്ര താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കിടന്ന പന്ത് എടുത്തുവരാൻ നായയോട് സന്താരി നിർദേശിച്ചു. നായ അത് അനുസരിച്ചില്ല. കോപാകുലനായ സന്താരി അതിനെ കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് കൊന്നു. ചന്തയിൽ പോയി തിരിച്ചെത്തിയ അച്ഛൻ കണ്ടത് തന്റെ ഓമനയായ നായ ചത്തുകിടക്കുന്നതാണ്. കൃത്യം ചെയ്തത് മകനാണെന്ന് മനസ്സിലാക്കിയ അയാള്‍ തന്റെ സൈക്കിളിൽ ചത്ത നായയുമായി കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിലെത്തി മകനെതിരെ പരാതി നല്‍കി. ഇന്ത്യൻ ശിക്ഷാ നിയമം ചട്ടം 429 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് മകനെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മകന്റെ അറസ്റ്റിന് ശേഷം ബുധനാഴ്ച വൈകിട്ട് നായയുടെ ജഡം വീടിന് പിന്നിലായി മറവ് ചെയ്തു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് താൻ നായയെ കൊന്നതെന്ന് മകൻ പോലീസിനോട് പറഞ്ഞു.