ന്യൂദൽഹി-സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിക്ഷേപത്തുകയാണ് ഇതെന്നാണ് സ്വിറ്റ്‌സർലൻഡ് സെൻട്രൽ ബാങ്ക് പുറത്ത് വിട്ട കണക്ക് വിശദമാക്കുന്നത്. 2019ൽ 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഇന്ത്യക്കാരുടേയും ഇന്ത്യൻ സ്ഥാപനങ്ങളുടേയും പേരിലുണ്ടായിരുന്നത്.
രണ്ട് വർഷത്തോളം നിക്ഷേപം കുറഞ്ഞ നിലയിൽ നിന്ന ശേഷമാണ് 2020ൽ ഈ കുതിച്ചുചാട്ടമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2006ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വലിയ കുറവ് വന്നിരുന്നുവെന്നും സെൻട്രൽ ബാങ്ക് വിശദമാക്കുന്നു.
2011, 2013,2017 വർഷങ്ങളിൽ മാത്രമാണ് ഈ ട്രെൻഡിൽ നേരിയ വ്യത്യാസമുണ്ടായത്. കസ്റ്റമർ നികേഷപത്തിലൂടെ 4000കോടി രൂപയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയും ട്രസ്റ്റുകൾ മുഖേന 13500 കോടി രൂപയും നിക്ഷേപമാണ് 2020ൽ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്.
ബോണ്ടുകളും സെക്യൂരിറ്റിയുടേയും മറ്റ് നിക്ഷേപരൂപത്തിലുമാണ് ഇവയുള്ളത്. കസ്റ്റമർ മുഖേനയുള്ള നിക്ഷേപത്തിൽ കുറവ് വന്നെങ്കിലും സ്ഥാപനങ്ങളും ബാങ്ക് മുഖേനയുമുള്ള നിക്ഷേപത്തിലാണ് കുത്തനെ വർധനവ് ഉണ്ടായതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 2019നേക്കാൾ ആറിരട്ടിയാണ് ഈ തുകയെന്നാണ് റിപ്പോർട്ട്.
2018 മുതൽ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് നികുതി വിഭാഗത്തിന് കണക്കുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ബാങ്ക് രാജ്യത്തിന് നൽകുന്നുണ്ട്. സ്വിസ് ബാങ്കിലെ വിദേശനിക്ഷേപത്തിൽ ഏറ്റവും മുന്നിലുള്ളത് യുകെയാണ്. രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.
വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോംഗ്, ജർമനി, സിംഗപ്പൂർ, ലക്‌സംബർഗ്, ബഹാമാസ് എന്നീരാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ഈ പട്ടികയിൽ 51ാമതാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാൻഡ്, നോർവ്വെ, ഡെൻമാർക്ക്, ഹംഗറി, മൌറീഷ്യസ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് മുൻപിലാണ് ഇന്ത്യ. 2020ൽ വിദേശ നിക്ഷേപത്തിൽ കാര്യമായ കുറവുണ്ടായ രാജ്യങ്ങളാണ് അമേരിക്കയും യുകെയുമെന്നാണ് സ്വിസ് ബാങ്ക് കണക്കുകൾ വിശദമാക്കുന്നത്.