ന്യൂദൽഹി- നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകിയ ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് (ജൂൺ 24)മാറ്റി. രണ്ടായിരത്തോളം വോട്ടിനാണ് മമത ബാനർജി ഇവിടെ പരാജയപ്പെട്ടത്. ആദ്യ റൗണ്ടിൽ മുന്നിലെത്തിയ മമത അവസാന റൗണ്ടിലാണ് പിന്നിലായത്. വോട്ടെടുപ്പ് ദിവസം മുതൽ വോട്ടെണ്ണൽ വരെ മണ്ഡലത്തിൽ നിരവധി ക്രമക്കേടുകൾ നടന്നുവെന്നാണ് മമതയുടെ ആരോപണം.
റീക്കൗണ്ടിങ് നടത്തിയാൽ ജീവൻ അപകടത്തിലാകുമെന്നും കുടുംബം ഇല്ലാതാക്കുമെന്നുമടക്കമുള്ള ഭീഷണി സന്ദേശം റിട്ടേണിങ് ഓഫിസർക്ക് ലഭിച്ചെന്നും അതിനാൽ റിക്കൗണ്ടിങ്ങിന് നിർദേശിക്കാനാകില്ലെന്നുള്ള സന്ദേശം തനിക്ക് ലഭിച്ചെന്നും മമത വ്യക്തമാക്കുന്നു.
നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഭവാനിപുർ മണ്ഡലത്തിൽനിന്നു വീണ്ടും മമത ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. 2011ലും 2016ലും ഭവാനിപുരിലാണ് മമത മത്സരിച്ചത്. മമത മന്ത്രിസഭയിൽ അംഗമായിരുന്ന സുവേന്ദു തിരഞ്ഞെടുപ്പ് തൊട്ടുമുൻപാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്.