ബെയ്ജിംഗ്- കാമുകി കാമുകന്മാര്‍ക്കിടയില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്ക് കൂടുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഇണക്കങ്ങളും പിണക്കങ്ങളും ബന്ധം ഊട്ടിയുറപ്പിക്കും. എന്നാലും ചില വഴക്കുകള്‍ കൈവിട്ടുപോകും. കൗണ്‍സിലിംഗ് ചെയ്യുന്ന വ്യക്തികള്‍ പോലെ മറ്റൊരാളുടെ ഇടപെടല്‍ വേണ്ടിവരും ഇത്തരം സാഹചര്യത്തില്‍. എന്നാല്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത പലതും പരീക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ചില വ്യക്തികളുണ്ട്. അത്തരക്കാരില്‍ ഒരാളാണ് കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ക്വിന്‍ എന്ന് പേരുള്ള സ്ത്രീ.
തന്റെ കാമുകനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും വഴക്ക് മറക്കാനും ക്വിന്‍ ചെയ്തതെന്തെന്നോ? അംനേഷ്യ വെള്ളം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. അത് കൊള്ളാമല്ലോ, അങ്ങനെ ഒരു സംഭവമുണ്ടോ എന്ന് ചിന്തിക്കേണ്ട. അംനേഷ്യ വെള്ളം എന്നൊരു സംഗതിയില്ല. മറവി രോഗമായ അംനേഷ്യയുമായി ബന്ധപ്പെടുത്തി ഒരു വിരുതന്‍ ഓണ്‍ലൈനില്‍ തയ്യാറാക്കിയ സാങ്കല്പികമായ ഒന്നാണ് അംനേഷ്യ വെള്ളം. ഉദ്ദേശം ഉപഭോക്താക്കളെ കബളിപ്പിക്കുക, പണം തട്ടിയെടുക്കുക.
ക്വിനും ഈ ഓണ്‍ലൈന്‍ കെണിയില്‍ വീണു. 500 യുവാന് (5,754 രൂപ) അംനേഷ്യ വെള്ളം എന്ന പരസ്യം കണ്ടാണ് ക്വിന്‍ ബന്ധപ്പെട്ടത്. ഇത് നേരിട്ട് വില്‍ക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ പണം മുന്‍കൂറായി നല്‍കണമെന്നും അംനേഷ്യ വെള്ളം പോസ്റ്റല്‍ ആയി ലഭിക്കും എന്നും മറുതലക്കല്‍ നിന്നും നിര്‍ദേശം വന്നു. പിന്നീട് പല സാങ്കേതിക പ്രശ്‌നങ്ങളും പറഞ്ഞ് ഏകദേശം 6,500 യുവാന്‍ (ഏകദേശം 74,400 രൂപ) അംനേഷ്യ വെള്ളം വില്‍ക്കുന്ന വ്യക്തി ക്വിനില്‍ നിന്നും കൈക്കലാക്കി.
ഒടുവില്‍ അംനേഷ്യ വെള്ളം റെഡിയാണ് എന്നും തപാലില്‍ അയക്കുന്നത് റിസ്‌ക് ആണ് എന്നുള്ളതിനാല്‍ നേരിട്ട് നല്‍കാം എന്നുമായി യുവാവ്. അതിന് മുന്‍പായി അധികൃതര്‍ പിടിക്കാതിരിക്കാന്‍ എല്ലാ ചാറ്റുകളും സ്‌ക്രീന്‍ ഷോട്ടുകളും ഡിലീറ്റ് ചെയ്യാനും യുവാവ് പറഞ്ഞു. അനുസരിച്ച് ക്വിന്‍ പിന്നീടുള്ള നിര്‍ദേശത്തിനായി കാത്തിരുന്നു. പക്ഷെ പിന്നീട് യുവാവിന്റെ ഫോണ്‍ കോള്‍ വന്നില്ല. ക്വിന്‍ തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു എന്നും വ്യക്തമായി. താന്‍ കബളിക്കപെട്ടു എന്ന് മനസ്സിലാക്കിയ ക്വിന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എങ്കിലും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ് എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.