Sorry, you need to enable JavaScript to visit this website.

യുഎസില്‍ 'ബോംബ്' അടിച്ചു വീശി; നാടാകെ മഞ്ഞു മൂടി

ന്യൂയോര്‍ക്ക്- യുഎസിലെ കിഴക്കന്‍ തീരത്ത് അടിച്ചുവീശീയ ബോംബ് ശീതക്കാല ചുഴലിക്കാറ്റില്‍ നാടും നഗരവും മഞ്ഞുമൂടി. റോഡ്, റെയില്‍, വ്യോമ ഗതാഗതം പൂര്‍ണമായും നിശ്ചലമാകുകയും സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും തുറക്കാനാവാതെ വരികയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ചു.

വൈദ്യുതി വിതരണം മുടങ്ങിയതും ലക്ഷക്കണക്കിനു അമേരിക്കക്കാരെ വലച്ചു. വിര്‍ജീനിയ, ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ എന്നിവടങ്ങളിലാണ് മഞ്ഞു 'ബോംബ്' കടുത്ത പ്രഹരമേല്‍പ്പിച്ചത്. മേഖലയില്‍ ഒരാഴ്ചയോടം കടുത്ത ശൈത്യം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

മഞ്ഞു കാറ്റ് വടക്കു കിഴക്കന്‍ മേഖലയിലൂടെ കാനഡയിലേക്ക് പ്രവേശിക്കുന്നതോടെ മഞ്ഞു വീഴ്ചയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുവെ വെയില്‍ കൂടുതല്‍ ലഭിക്കുന്ന ഫ്‌ളോറിഡയില്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് മണ്ണും മരങ്ങളും വീടും ബീച്ചുകളും മഞ്ഞില്‍ മൂടുന്നത്. നിരവധി റോഡുകളില്‍ ഗതാഗതം നിലച്ചു.

കൊടുംതണുപ്പിനെ നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ ജനങ്ങളോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോസ്റ്റണില്‍ ഒരടിയിലേറെ ഉയരത്തില്‍ മഞ്ഞു മൂടുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും അപകടകരമായ നിലയില്‍ മഞ്ഞുവീഴചയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 88.5 കിലോമീറ്റർ വേഗതയുള്ള മഞ്ഞുകാറ്റാണ് ലോംഗ് ഐലന്‍ഡ്, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ അടിച്ചു വീശുക. മേഖലയാകെ മഞ്ഞു പുതച്ചയോടെ കാഴ്ചാ പരിധിയും കുറഞ്ഞിരിക്കുകയാണ്. പലയിടത്തും വൈദ്യുതി ലൈനുകളും മഞ്ഞില്‍ മൂടിക്കിടക്കുകയാണ്.

 

 

 

 

Latest News