ഇന്ത്യന്‍ വംശജന്‍ മഹ്‌മൂദ് ജമാല്‍ കാനഡ സുപ്രീം കോടതി ജഡ്ജിയാകും

ഒട്ടാവ- കാനഡയില്‍ വെള്ളക്കാരനല്ലാത്ത ആദ്യ സുപ്രീം കോടതി ജഡ്ജിയായി ഇന്ത്യയില്‍ കുടുംബ വേരുകളുള്ള മഹ്‌മൂദ് ജമാലിനെ പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്തു. 2019 മുതല്‍ ഒന്റാറിയോ കോര്‍ട്ട് ഓഫ് അപ്പീലില്‍ ജഡ്ജ് ആയി സേവനം ചെയ്തുവരികയാണ് മഹ്‌മൂദ്. കാനഡയിലെ ഉന്നത നിയമ കലാലയങ്ങളില്‍ അധ്യാപകനായും സുപ്രീം കോടതിയില്‍ അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. മഹ്‌മൂദ് ജമാല്‍ സുപ്രീം കോടതിക്ക് വിലപ്പെട്ട മുതല്‍കൂട്ടാകുമെന്നും ഈ നാമനിര്‍ദേശം ചരിത്രപരമാണെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കാനഡയില്‍ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന വെള്ളക്കാരല്ലാത്തവര്‍ രാജ്യത്ത് ന്യൂനപക്ഷമാണ്. പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിന്റെ ജസ്റ്റിസ് കമ്മിറ്റി കൂടി പിന്തുണയ്ക്കുന്നതോടെ മഹ്‌മൂദ് ജമാല്‍ സുപ്രീം കോടതി ജഡ്ജിയാകും. ഇത് ഔപചാരിക ചടങ്ങ് മാത്രമാണ്. ദീര്‍ഘകാല ജഡ്ജിയായ ജസ്റ്റിസ് റോസലി അബെല്ല ജൂലൈ 21ന് വിരമിക്കുന്ന ഒഴിവിലേക്കാണ് മഹ്‌മൂദ് ജമാലിന്റെ നിയമനം. ഒമ്പത് ജഡ്ജിമാരടങ്ങുന്നതാണ് കാനഡയിലെ സുപ്രീം കോടതി.

നെയ്‌റോബിയിലെ ഒരു ഇന്ത്യന്‍ കുടുംബത്തില്‍ 1967ലാണ് മഹ്‌മൂദ് ജമാലിന്റെ ജനനം. പഠിച്ചതും വളര്‍ന്നതും ബ്രിട്ടനിലായിരുന്നു. 1981ല്‍ കാനഡയിലേക്ക് കുടിയേറി. ഇസ്മാഈലി സമുദായക്കാരനായ മഹ്‌മൂദ് ജമാല്‍ ബഹായ് വിശ്വാസിയാണിപ്പോള്‍. ബഹായി ന്യൂനപക്ഷത്തിനു നേര്‍ക്കുണ്ടായ പീഡനങ്ങളെ തുടര്‍ന്ന് ഇറാനില്‍ നിന്ന് 1979ല്‍ കാനഡയിലേക്ക് കുടിയേറിയ കുടുംബാംഗമാണ് മഹ്‌മൂദിന്റെ ഭാര്യ.

Latest News