കൊല്‍ക്കത്ത- നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തനിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പു ജയം ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പിച്ചു. കേസ് വെള്ളിയാഴ്ച തന്നെ പരിഗണിക്കും. 2000ല്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ഇവിടെ മമതയുടെ തോല്‍വി. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മമതയുടെ അഭിഭാഷകന്‍ സഞ്ജയ് ബോസ് പറഞ്ഞു.
പണ വിതരണം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കല്‍, മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കല്‍, ബൂത്ത് പിടിത്തം എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഹര്‍ജി. ഈ കാരണങ്ങളാല്‍ സുവേന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ മമത ആവശ്യപ്പെട്ടു. വോട്ടെണ്ണലിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും എണ്ണിയ വോട്ടുകളിലും ഫലംപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ച വോട്ടുകളും പൊരുത്തമില്ലെന്നും മമത പരാതിപ്പെട്ടു. വീണ്ടും വോട്ടുകള്‍ എണ്ണണമെന്ന തന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയതിനെതിരേയും മമത ഹര്‍ജിയില്‍ പരാതിപ്പെട്ടു.
മൂന്ന് ദിവസം മുമ്പാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ച് കേസ് പരിഗണിക്കും. മേയ് രണ്ടിന് നടന്ന വോട്ടെണ്ണലില്‍ ആദ്യം മമത ബാനര്‍ജി ജയിച്ചതായുള്ള റിപോര്‍ട്ടുകള്‍ വന്നിരുന്നു. അര്‍ദ്ധരാത്രിവരെ നീണ്ട വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകളിലാണ് നേരിയ മുന്നേറ്റമുണ്ടാക്കി സുവേന്ദു ജയിച്ചത്. ഇതിനിടെ സംസ്ഥാന ഗവര്‍ണറും വിജയിയായി മമതയെ അഭിന്ദിച്ചിരുന്നു. വോട്ടെണ്ണലിന് മേല്‍നോട്ടം നല്‍കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായും മമത ആരോപിച്ചിരുന്നു.