ന്യൂദല്‍ഹി-എട്ട് ബിജെപി എംഎല്‍എമാരും മൂന്ന് എംപിമാരും തൃണമൂല്‍ കോണ്‍ഗ്രസുമായി നിരന്തരം ബന്ധപ്പെടുന്നതായി തൃണമൂല്‍ പാര്‍ട്ടി നേതാവും വക്താവുമായ കുണാല്‍ ഘോഷ്. തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും വിഷയത്തില്‍ മമത ബാനര്‍ജി അന്തിമ തീരുമാനമെടുക്കുമെന്നും ഘോഷ് പറഞ്ഞു.
ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായുന്ന മുകള്‍ റോയ് അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തിയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശുഭ്രാംശു റോയിയും മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ തിരികെയെത്തി. മുകുള്‍ റോയിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പറഞ്ഞ മമത ബാനര്‍ജി പാര്‍ട്ടിയില്‍ സുപ്രധാന ചുമതലതന്നെ അദ്ദേഹം വഹിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
മുകള്‍ റോയിയും മകനും ടിഎംസിയില്‍ തിരികെയെത്തിയതോടെ ബിജെപിയില്‍ തുടരുന്ന മുന്‍ അംഗങ്ങള്‍ തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പായി പണം വാങ്ങി ബി.ജെ.പിക്കു വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസിനെ ചതിച്ചവരെ ഒരു വിധത്തിലും പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു.ബംഗാളില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞതിനു പിന്നാലെ ബി.ജെ.പിക്ക് ഇരട്ടപ്രഹരം നല്‍കിക്കൊണ്ട് നേതാക്കള്‍ തൃണമൂലിലേക്ക് തിരികെ പോകുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നതിനിടയിലാണ് മമത നിലപാട് വ്യക്തമാക്കിയത്.