ജയ്പൂര്‍- രാജസ്ഥാന്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ പ്യൂണ്‍ തസ്തികയില്‍ ജോലിക്കായി അപേക്ഷിച്ചവരുടെ അഭിമുഖ പരീക്ഷയായിരുന്നു കഴിഞ്ഞ ദിവസം. തസ്തികകളില്‍ ഏറ്റവും താഴെയുള്ള ക്ലാസ് നാല് വിഭാഗത്തില്‍ 18 പോസ്റ്റുകളിലേക്കാണ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നത്. 12,453 പേരാണ് അപേക്ഷിച്ചിരുന്നത്.
ഇവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ചപ്പോഴാണ് അധികൃതര്‍ ഞെട്ടിയത്. 129 എന്‍ജനീയര്‍മാര്‍, 23 അഭിഭാഷകര്‍, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, 393 എംഎ ബിരുദധാരികള്‍! വെറുമൊരു പ്യൂണ്‍ ജോലി തേടിയെത്തിയവരാണിവര്‍.
മൊത്തം അപേക്ഷകരില്‍ 3600 പേരാണ് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. ഇവരില്‍ 1,533 ബിഎക്കാരും 23 സയന്‍സ് ബിരുദാനന്തര ബിരുദധാരികളും ഒമ്പത് എംബിഎക്കാരും ഉള്‍പ്പെടും.
ഒടുവില്‍ തെരഞ്ഞടുക്കപ്പെട്ട 18 പേരില്‍ ഒരാള്‍ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ബിജെപി എംഎല്‍എയുടെ പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള 30-കാരന്‍ മകന് ജോലി ലഭിച്ചതാണ് മുറുമുറുപ്പിനിടയാക്കിയത്. നിയമനം ലഭിച്ചവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ എംഎല്‍എയുടെ മകന്‍ രാമകൃഷ്ണ മീണ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പിന്തള്ളി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഇതോടെ പലരുടേയും കണ്ണു തള്ളിയിരിക്കുകയാണ്. പല കോണുകളില്‍നിന്നും മുറുമുറുപ്പ് ഉയര്‍ന്നു കഴിഞ്ഞു.
ഈ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നതു സംബന്ധിച്ച ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാരിന്റെ നയം മൂലം യുവജനങ്ങളുടെ തൊഴിലവസരം കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ സ്വന്തം ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.