വാഷിങ്ടണ്‍- പാക്കിസ്ഥാനു നല്‍കിവരുന്ന 115 കോടി ഡോളർ സുരക്ഷാ സാമ്പത്തിക സഹായം അമേരിക്ക മരവിപ്പിച്ചു.
ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടികളെടുക്കുന്നതു വരെ ഇനി ഒരു സഹായവും നല്‍കില്ലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്‍ യുഎസിനോട് കള്ളം പറയുകയാണെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വിമര്‍ശനത്തിനു തൊട്ടുപിറകെയാണ് എല്ലാ സഹായവും നിര്‍ത്തിയെന്ന അമേരിക്കയുടെ അറിയിപ്പ്. ഇതോടെ പാക്കിസ്ഥാന് വര്‍ഷങ്ങളായി ലഭിച്ചു വന്നിരുന്ന വന്‍ സാമ്പത്തിക സഹായം ഇല്ലാതായി.
അഫ്ഗാന്‍ താലിബാനും ഹഖാനി ഭീകര ശൃംഖലയ്ക്കും പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് യുഎസിന്‍റ പ്രധാന ആരോപണം. ഇവര്‍ക്കെതിര ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സഹായ വിതരണം തുടരില്ലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് ഹീത്തര്‍ ന്യുവര്‍ട്ട് പറഞ്ഞു. 2016-ല്‍ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയ 255 മില്യണ്‍ ഡോളറിന്‍റെ സൈനിക സാമ്പത്തിക സഹായവും നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടും. 2017-ലെ സഖ്യകക്ഷികള്‍ക്കു നല്‍കുന്ന സഹായ ഫണ്ടായ 900 മില്യണ്‍ ഡോറളും മരവിപ്പിച്ചു.
താലിബാനും ഹഖാനി ഗ്രൂപ്പുകള്‍ക്കുമെതിരെ ശക്തമായി നടപടി വേണമെന്ന് യുഎസ് നാലു മാസം മുമ്പാണ് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് പാക് സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട് ഇതിനുള്ള ഉന്നത തല ശ്രമങ്ങളും നടത്തി. എന്നിട്ടും ഈ ഭീകര ഗ്രൂപ്പുകള്‍ പാക്കിസ്ഥാനില്‍ സുരക്ഷിതമായി വിഹരിക്കുന്നതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഈ ഭീകര സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സഖ്യസേനയ്‌ക്കെതിരെ നിരന്തരണം ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് യുഎസ് ആരോപിക്കുന്നു.
സാമ്പത്തിക സഹായം നിലച്ചത് സൈനിക ഉപകരണങ്ങളുടെ വിതരണത്തേയും ബാധിക്കും. അതേസമയം സാഹചര്യങ്ങള്‍ നോക്കിയാകും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചാല്‍ അവരുമായുള്ള ഉഭയകക്ഷി സുരക്ഷാ ബന്ധങ്ങള്‍ പുതുക്കാമെന്നും യുഎസ് വ്യക്തമാക്കുന്നു.