ഇബിറൈറ്റ്- ആദ്യ രാത്രിയില്‍ പതിനെട്ടുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് ദാരുണാന്ത്യം. ബ്രസീലിയന്‍ നഗരമായ ഇബിറൈറ്റില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച് ദി സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇബിറൈറ്റ് നഗരത്തിലെ 29കാരനുമായി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പതിനെട്ടുകാരിയുടെ വിവാഹം നടന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തുകയും ചെയ്തു. വൈകീട്ട് കിടപ്പറയിലേക്കെത്തിയതോടെയാണ് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക ബന്ധത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവതി കുഴഞ്ഞുവീഴുകയായിരുന്നു.
യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ വീടിന് സമീപത്തുള്ള ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ടു. എന്നാല്‍ ടാക്‌സി വിളിച്ചെങ്കിലും അദ്ദേഹം വരാന്‍ തയ്യാറായിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. പിന്നീട് മറ്റൊരു ടാക്‌സി വിളിച്ചെങ്കിലും അയാളും ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായില്ല. എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിക്കാനായിരുന്നു യുവതിയുടെ ഭര്‍ത്താവിനോട് ഈ ടാക്‌സി ഡ്രൈവര്‍ ആവശ്യപ്പെട്ടത്.
പാരമെഡിക്കല്‍ സ്റ്റാഫ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ ഇവര്‍ ആശുപത്രിയിലേക്ക് പെട്ടെന്ന് തന്നെ പോവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. തങ്ങളുടെ വീട്ടിലേക്ക് ആംബുലന്‍സ് എത്താന്‍ ഒരു മണിക്കൂര്‍ എടുത്തെന്നാണ് യുവാവ് ആരോപിക്കുന്നത്. എന്നാല്‍ ആദ്യത്തെ വാഹനം ക്യാന്‍സലായിരുന്നെങ്കിലും രണ്ടാമത്തെ വാഹനം 21 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയിരുന്നെന്നാണ് പ്രദേശത്തെ അടിയന്തര സേവന വിഭാഗം പറയുന്നത്.
പതിനെട്ടുകാരിയുടെ മരണവാര്‍ത്തയോട് പ്രതികരിച്ച പോലീസ് സംഭവത്തില്‍ ദുരൂഹത ഒന്നും ഇല്ലെന്ന് വ്യക്തമാക്കിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവിന്റെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകളൊന്നും കണ്ടെത്താനായില്ലെന്നും മരണം ആകസ്മികമാണെന്നാണ് പോലീസ് പറയുന്നത്. യുവതി മരിക്കുന്നതിന് മുമ്പ് നിലവിളിയോ മറ്റു ശബ്ദമോ ഒന്നും കേട്ടില്ലെന്ന് അയല്‍ക്കാരനും പോലീസിനെ അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ യുവതിക്ക് ബ്രോങ്കൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ് ബ്രോങ്കൈറ്റിസ്. സംഭവ ദിവസം രാവിലെ യുവാവിന്റെ ഫാമില്‍ നടന്ന ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മരണത്തോടെ തനിക്ക് ഇനി ഈ നഗരത്തില്‍ തുടരാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നാണ് യുവാവ് പറയുന്നത്.