കൊല്‍ക്കത്ത- ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചു പോയ മുതിര്‍ന്ന നേതാവ് മുകള്‍ റോയിക്ക് നല്‍കിയിരുന്ന ഇസെഡ് കാറ്റഗറി വിഐപി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മുകുള്‍ റോയിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സേനാംഗങ്ങളെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍ട്രന്‍ റിസര്‍വ് പോലീസ് ഫോഴ്‌സിനു നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയി ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ മാതൃപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കൃഷ്ണനഗര്‍ ഉത്തരില്‍ മത്സരിച്ച് ജയിച്ച മുകള്‍ റോയി തന്റെ സുരക്ഷാ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ വൈ പ്ലസ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന മുകുള്‍ റോയിക്ക് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഉയര്‍ന്ന സുരക്ഷയായ ഇസെഡ് കാറ്റഗറി കവചം നല്‍കിയത്.