ന്യൂദല്‍ഹി- ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിട്ടും ദല്‍ഹി പോലീസ് തിഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാതിരുന്ന വിദ്യാര്‍ത്ഥികളായ പൗരാവകാശ പ്രവര്‍ത്തകരെ കോടതി ഇടപെട്ടതിനെ തുടര്‍ന്ന് മോചിപ്പിച്ചു. ദല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മുസ്‌ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച പൗരത്വ പ്രക്ഷോഭകരായ ദേവാംഗന കലിത, നടാഷ നാര്‍വാള്‍, കേന്ദ്ര സര്‍വകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് മോചിതരായത്. ഇവര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പോലീസ് സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.
തങ്ങളെ ജയിലിലടച്ച് ഭയപ്പെടുത്താനാവില്ലെന്ന് പുറത്തിറങ്ങിയ ദേവാംഗന പറഞ്ഞു. പ്രതിഷേധം ഭീകരപ്രവര്‍ത്തനമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതിക്ക് നന്ദിയുണ്ടെന്ന് നടാഷ പ്രതികരിച്ചു. അവര്‍ക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ മാത്രമെ കഴിയൂ. ജയില്‍ കാട്ടി ഭീഷണിപ്പെടുത്താം. എന്നാല്‍ അത് ഞങ്ങളുടെ സമരങ്ങള്‍ക്ക് കൂടുതല്‍ കരുത്തായി മാറുമെന്നും നടാഷ പറഞ്ഞു. ജനാധിപത്യപരമായി സ്ത്രീകള്‍ സംഘടിപ്പിച്ച പ്രതിഷേധമായിരുന്നു തങ്ങള്‍ നടത്തിയതെന്നും കോടതി പരിഗണനയിലിരിക്കുന്നതിനാല്‍ കേസിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും നടാഷ പറഞ്ഞു. ഹരിയാനയിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ മഹാവീര്‍ നര്‍വാലിന്റെ മകളാണ് നടാഷ. കോവിഡ് ബാധിച്ച് കഴിഞ്ഞ മാസമാണ് മഹാവീര്‍ മരിച്ചത്. അവസാനമായി അച്ഛനെ കാണാന്‍ നടാഷയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിദ്യാർഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേൽവിലാസങ്ങൾ ശരിയാണോ എന്ന് വിലയിരുത്താൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദൽഹി പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതോടെയാണ് ജാമ്യം അനുവദിച്ചിട്ടും വിദ്യാർഥികളുടെ മോചനം വൈകിപ്പിക്കാൻ ദൽഹി പോലീസ് ശ്രമിക്കുന്നുവെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ എം.പിയുമായ വൃന്ദ കാരാട്ട്, പൌരാവകാശ പ്രവർത്തകൻ ഗൗതം ഭാൻ, ജെ.എൻ.യുവിലെയും ജാമിയ മിലിയ സർവകലാശാലയിലെയും പ്രൊഫസർമാർ എന്നിവരാണ് വിദ്യാർഥികൾക്കുവേണ്ടി ജാമ്യം നിന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ദൽഹി ഹൈക്കോടതി മൂന്നു പേർക്കും ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള വ്യഗ്രതയിൽ അധികൃതർ പ്രതിഷേധവും ഭീകര പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം മറന്നുപോയെന്ന് ഹൈക്കോടതി വിമർശം ഉന്നയിച്ചിരുന്നു.