വയനാട് ജില്ലയിലെ മുട്ടിൽ പ്രദേശത്തു നടന്ന മരംമുറിയും തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പലയിടങ്ങളിലെ അനധികൃത മരംമുറി സംബന്ധിച്ച ചർച്ചകൾ നടക്കുന്ന സമയവുമാണിത്. പട്ടയ ഭൂമിയിൽ നിന്ന് മരം മുറിക്കുന്നത് സംബന്ധിച്ച് ഒരു വ്യക്തത ഉണ്ടാവേണ്ടത് ആവശ്യമാണ് ഇപ്പോൾ.
1960 ലെ കേരളം ഭൂമി പതിവ് ആക്ട് അനുസരിച്ചാണ് സർക്കാർ കേരളത്തിൽ സാധാരണക്കാർക്കും കർഷകർക്കും ഭൂമി പതിച്ചു നൽകുന്നത്. ഈ ആക്ടിന് കീഴിൽ 10 തരം ചട്ടങ്ങളാണ് പട്ടയം നൽകുന്നതിന് രൂപീകരിച്ചിരിക്കുന്നത്. 1964 ലെ ഭൂപതിവ് ചട്ടങ്ങൾ, 1993 ലെ ചട്ടങ്ങൾ, 1970 ലെ The Arable Forest Land Assignment Rules തുടങ്ങിയ 10 ചട്ടങ്ങൾ പ്രകാരമാണ് പട്ടയം നൽകുന്നത്. ഇതിൽ 1964 ലെ ചട്ടങ്ങൾ പ്രകാരം കർഷകർക്ക് ലഭിച്ച പട്ടയ ഭൂമിയിലെ ഈട്ടി ഉൾപ്പെടെയുള്ള മരങ്ങൾ അനധികൃതമായി മുറിക്കുന്നതിനു അനുമതി നൽകി ഉത്തരവ് ഉണ്ടായി എന്നതാണല്ലോ ചിലർ ഉയർത്തുന്ന ആരോപണം. ഇപ്പോൾ വിവാദമാക്കപ്പെട്ടിട്ടുള്ള 24/10/2020 ലെ സർക്കാർ ഉത്തരവ് 1964 ലെ പട്ടയ ഭൂമി സംബന്ധിച്ച് മാത്രമുള്ള ഉത്തരവാണ്. ഇതിൽ 1964 ചട്ടപ്രകാരം ലഭിച്ച ഭൂമിയിൽ നിന്നും ചന്ദനം ഒഴികെ ഈട്ടി ഉൾപ്പെടെയുള്ള എല്ലാ മരങ്ങളും മുറിക്കാൻ അനുമതി നൽകുന്നുണ്ടോ? ഇല്ല എന്നതാണ് വ്യക്തമായ ഉത്തരം.
1964 ചട്ടങ്ങൾ പ്രകാരം സമതല പ്രദേശത്ത് പരമാവധി ഒരു ഏക്കറും മലമ്പ്രദേശത്ത് ജലസേചന സൗകര്യം ഉണ്ടെങ്കിൽ 2 ഏക്കറും ജലസേചന സൗകര്യം ഇല്ലെങ്കിൽ പരമാവധി 3 ഏക്കറും ആണ് ഒരു കർഷക കുടുംബത്തിന് പതിച്ചു നൽകാൻ വ്യവസ്ഥ ഉള്ളത്. ഇങ്ങനെ പട്ടയം ലഭിക്കുന്ന ഭൂമിയിൽ പതിച്ചു നൽകുന്ന സമയത്ത് ഉള്ള തേക്ക്, ഈട്ടി, എബനി, ചന്ദനം എന്നീ മരങ്ങൾ ഷെഡ്യൂളിൽ ഉൾപ്പെടുത്തി സർക്കാരിലേക്ക് നിക്ഷിപ്തമാക്കും. ഇതേസമയം 1964 ചട്ടത്തിന്റെ അനുബന്ധം 3 ലെ പാർട്ട് എയിലും ബിയിലും ഉൾപ്പെടുത്തിയിട്ടുള്ള 76 ഇനം മറ്റു മരങ്ങളിൽ തങ്ങൾക്ക് ആവശ്യമുള്ളവ 'വൃക്ഷവില' അടച്ച് കർഷകർക്ക് രേഖാമൂലം തങ്ങളുടെ ആവശ്യത്തിനായി റിസർവ് ചെയ്യാം. ഈ 76 ഇനം മരങ്ങളിൽ പ്ലാവ്, ആഞ്ഞിൽ, പുളി, മാവ്, തെങ്ങ്, കമുക് തുടങ്ങിയവ ഉൾപ്പെടും. ഇവിടെ എടുത്തു പറയേണ്ടത് ഇപ്രകാരം കർഷകർക്കായി റിസർവ് ചെയ്യുന്ന മരങ്ങളിൽ ചന്ദനം, ഈട്ടി, തേക്ക് എബണി എന്നിവ ഉൾപ്പെടുത്താൻ വ്യവസ്ഥയില്ല എന്നതാണ്.
ദീർഘകാലമായി കർഷക സംഘടനകൾ ഉന്നയിച്ചു വന്നിരുന്ന ഒരു പരാതി 76 ഇനങ്ങളിൽ പെട്ട, തങ്ങൾ വൃക്ഷവില അടച്ച് രേഖാമൂലം റിസർവ് ചെയ്ത മരങ്ങൾ പോലും മുറിക്കാൻ ചില ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയും അനുമതി നിഷേധിക്കുകയും ചെയ്യുന്നു എന്നതായിരുന്നു. 27/3/2017 ഉൾപ്പെടെ വിവിധ തീയതികളിൽ നടന്ന സർവകക്ഷി യോഗങ്ങളിൽ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ കക്ഷികളും കർഷക നേതാക്കളും ഈ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് 17/08/2017 ൽ 621/ 2017 പ്രകാരം 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയത്. ഭേദഗതിയിലൂടെ പട്ടയം ലഭിച്ചതിനു ശേഷം കർഷകർ നട്ടുവളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കർഷകനാണെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം ഭൂമിയിൽ ഉണ്ടായിരുന്ന ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങൾക്ക് ഇത് ബാധകമല്ല എന്നതും ശ്രദ്ധിക്കണം. ഇതിനൊക്കെ ശേഷവും കുടുംബത്തിലെ അത്യാവശ്യ സന്ദർഭങ്ങളിൽ നിയമം അനുവദിക്കുന്ന മരങ്ങൾ പോലും മുറിക്കുന്നതിനെതിരെ ഉദ്യോഗസ്ഥർ ഉത്തരവിടുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്ന ശക്തമായ ആരോപണം കർഷക സംഘടനകൾ ഉന്നയിക്കുകയുണ്ടായി. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ നടത്തിയ ഉന്നതതല ഔദ്യോഗിക ചർച്ചകൾക്കു ശേഷം 11/03/2020 ൽ അന്നത്തെ റവന്യൂ സെക്രട്ടറി ഡോ. വേണു ഒരു സർക്കുലറും 24/10/2020 ൽ അപ്പോഴത്തെ റവന്യൂ സെക്രട്ടറി ഡോ. ജയതിലക് ഒരു ഉത്തരവും ഇറക്കിയത്. ഇതിൽ 24/10/2020 ഉത്തരവാണ് ചിലർ വിവാദമാക്കിയിരിക്കുന്നത്.
ഈ ഉത്തരവിൽ വളരെ വ്യക്തമായി പറയുന്നു '1964 ലെ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ കർഷകർ വെച്ചുപിടിപ്പിച്ചതും പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാണ്. ഇതിൽ ദുർവ്യാഖ്യാനത്തിന് പോലും പഴുതില്ല. ഒരിക്കലും വൃക്ഷ വില അടച്ച് കർഷകന് റിസർവ് ചെയ്യാൻ സാധിക്കാത്ത മരങ്ങളാണ് ഈട്ടിയും തേക്കും എബണിയും ചന്ദനവും. ഭൂമി പതിച്ചു കൊടുക്കുമ്പോൾ ഭൂമിയിൽ നിലനിൽക്കുന്ന ഈ 4 മരങ്ങളും 1964 ലെ ചട്ടങ്ങളിലെ ഷെഡ്യൂളിൽ പെടുത്തി സർക്കാരിൽ നിക്ഷിപ്തമാക്കപ്പെടുന്നു. സാമാന്യ ബുദ്ധിയും മിനിമം നിയമ ബോധവുമുള്ള ഒരു ഉദ്യോഗസ്ഥനും ഇതിന്റെ മറവിൽ ആർക്കും ഈട്ടിത്തടി വെട്ടാനുള്ള അനുവാദം നൽകില്ല.
അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അയാൾ സർവീസിൽ ഇനി ഉണ്ടായിരിക്കാൻ പാടില്ലെന്ന് മാത്രമല്ല ശിക്ഷിക്കപ്പെടേണ്ടത് ആണ്. ചെറിയ അവ്യക്തതകൾ ചൂണ്ടിക്കാട്ടി നിയമവിധേയമായ മറ്റു മരങ്ങൾ മുറിക്കുന്നതിന് പോലും തടസ്സ ഉത്തരവുകൾ കൊണ്ടുവന്ന ഉദ്യോഗസ്ഥരിൽ ചിലർ ഇല്ലാത്ത പഴുതുകൾ ഒക്കെ കണ്ടുപിടിച്ച് കാട്ടുകള്ളന്മാർക്ക് കൂട്ടുനിന്നിട്ടുണ്ടെങ്കിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ ''ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ വേണം''. ഭൂനിയമങ്ങളിൽ പൊതുവെയുള്ള സങ്കീർണതകൾ മുതലെടുത്താണ് ഇക്കൂട്ടർ മാധ്യമങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കുന്നത്. അവയിൽ ചിലത് മാത്രം ചൂണ്ടിക്കാണിക്കാം. 1. അനധികൃത മരംവെട്ടിനെ സഹായിക്കാനായി 1960 ലെ ഭൂമി പതിവ് ആക്ട് ഭേദഗതി ചെയ്തു എന്ന് തെറ്റ്: യഥാർത്ഥത്തിൽ ആക്ടിൽ ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. പ്രസ്തുത ആക്ടിന്റെ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള 10 ഓളം ഭൂമി പതിവ് ചട്ടങ്ങളുള്ളതിൽ ഒരു ചട്ടം അതായത് 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ മാത്രമാണ് ഭേദഗതി ചെയ്തത്. 2. എല്ലാ പട്ടയ ഭൂമിയിലും മരംമുറിക്കുന്നതിന് ഇളവുകൾ നൽകി എന്ന്. തെറ്റ്: 1964 ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തിയാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതും ഉത്തരവ് നൽകിയതും. പത്ത് തരം പട്ടയങ്ങളിൽ ഒന്നു മാത്രമാണ് 1964 ചട്ടപ്രകാരമുള്ളത്. 3. നൂറ്റാണ്ട് പ്രായമുള്ള ഈട്ടി മരങ്ങൾ വെട്ടാൻ അനുമതി നൽകി എന്ന്. തെറ്റ്:
1964 ലെ ചട്ടപ്രകാരം പതിച്ചു നൽകുന്ന സമയത്ത് പട്ടയ ഭൂമിയിലെ തേക്ക്, ഈട്ടി, എബണി, ചന്ദനം എന്നീ മരങ്ങൾ എത്രയാണെന്ന കണക്ക് പട്ടയത്തിലെ ഷെഡ്യൂളിൽ ഉൾപ്പെടുത്തി സർക്കാരിലേക്ക് നിക്ഷിപ്ത (vest) മാക്കുകയും വില്ലേജിലെ tree രജിസ്റ്ററിൽ ചേർക്കുകയും ചെയ്യു. ഇവ ഒരിക്കലും കർഷകന് മുറിക്കാൻ കഴിയില്ല. 24/10/2020 ലെ ഉത്തരവിലും ഇവ മുറിക്കുന്നതിന് യാതൊരു പഴുതും ഇല്ല. 4. 24/10/2020 ലെ ഉത്തരവോടെ ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ കഴിയാതായി എന്ന്. തെറ്റ്: നിയമാനുസരണം കർഷകന് മുറിക്കാൻ കഴിയുന്ന മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തിയാൽ നടപടി എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. വനം - റവന്യൂ അധികാരികൾക്ക് പരിശോധന നടത്തുന്നതിനോ നിയമാനുസരണം മുറിക്കാൻ പാടില്ലാത്ത മരങ്ങൾ ആണ് മുറിക്കുന്നതെങ്കിൽ അത് തടസ്സപ്പെടുന്നതിനോ കേസ് എടുക്കുന്നതുൾപ്പെടെ മറ്റു തുടർ നടപടികൾ സ്വീകരിക്കുന്നതിനോ യാതൊരു തടസ്സവും ഇല്ലാത്തതാണ്. ഏത് മരം മുറിച്ചാലും അത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെങ്കിൽ ട്രാൻസിറ്റ് പെർമിറ്റ് വേണം. വനം ഉദ്യോഗസ്ഥർ ട്രാൻസിറ്റ് പെർമിറ്റ് നൽകണമെങ്കിൽ വില്ലേജ് ഓഫീസറുടെ പൊസഷൻ സർട്ടിഫിക്കറ്റ് വേണം.
വില്ലേജ് ഓഫീസർ പരിശോധന നടത്തിയാണ് പൊസഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് . അനധികൃതമായാണ് മരം മുറിച്ചതെങ്കിൽ തീർച്ചയായും അത് അപ്പോൾ വെളിപ്പെടുന്നതാണ്. നിയമാനുസരണം കർഷകൻ മരം മുറിക്കുന്നത് തടസ്സപ്പെടുത്തരുത് എന്ന വ്യവസ്ഥ കാരണമാണ് ചിലതൊക്കെ സംഭവിച്ചതെന്ന വാദത്തിന് ഒരു അടിസ്ഥാനവുമില്ല. സ്ഥാപിത താൽപര്യക്കാർ എക്കാലവും നിയമത്തോടും നീതിയോടും ചേർന്നു നിൽക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരെയും ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താൻ സകല ഹീനമാർഗങ്ങളും ഉപയോഗിക്കാറുണ്ട്.
നിയമങ്ങളിലെയും നടപടി ക്രമങ്ങളിലെയും സങ്കീർണതകൾ മുതലെടുത്താണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇക്കൂട്ടർ തങ്ങളുടെ ചെയ്തികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇവർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ജനദ്രോഹത്തിന്റെ പുകമറ നീക്കി യാഥാർത്ഥ്യം ജനങ്ങൾക്ക് കാട്ടിക്കൊടുക്കാൻ അർപ്പണ ബോധമുള്ള നമ്മുടെ മാധ്യമങ്ങൾക്കും സത്യസന്ധരായ ഉദ്യോഗസ്ഥർക്കും ജനഹിതം അറിയുന്ന രാഷ്ട്രീയ നേതൃത്വത്തിനും കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോഴത്തെ മരംമുറി വിവാദത്തിന് ആസ്പദമായ സംഭവങ്ങളിലെ യാഥാർത്ഥ്യം പുറത്തു കൊണ്ടുവരുമെന്നും കുറ്റക്കാർ കർശനമായി ശിക്ഷിക്കപ്പെടുമെന്നും ഉള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത്തരക്കാർക്കുള്ള താക്കീതാണ്.